പൊതുവിടങ്ങളിൽ മാലിന്യം തള്ളിയാൽ ക്യാമറ കുടുക്കും; സിഡിറ്റും കെ ഫോണും ഒന്നിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലെ അനധികൃത മാലിന്യനിക്ഷേപം തടയുന്നതിനായി വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സ്റ്റേറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയും (സി-ഡിറ്റ്) കെ-ഫോണും. സ്ഥിരമായി മാലിന്യം തള്ളപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി അവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്കാണ് ഇരു സ്ഥാപനങ്ങളും തുടക്കം കുറിച്ചിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ തലവേദനയാകുന്ന മാലിന്യപ്രശ്നത്തിന് സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരം കാണുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. സി-ഡിറ്റ് സ്ഥാപിക്കുന്ന അത്യാധുനിക ക്യാമറകൾക്ക് ആവശ്യമായ അതിവേഗ ഇന്റർനെറ്റ് സേവനം കെ-ഫോൺ ലഭ്യമാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ഇടപെടലിലൂടെ മാലിന്യനിക്ഷേപം പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പോലീസിന്റെ കർശനമായ ഇടപെടലുണ്ടാകണമെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെ നിർദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് സർക്കാർ സംവിധാനങ്ങൾ സംയുക്തമായി ഈ പദ്ധതിയുമായി രംഗത്തെത്തിയത്. സി-ഡിറ്റും കെ-ഫോണും ഒന്നിക്കുന്നതോടെ കുറ്റക്കാരെ തത്സമയം കണ്ടെത്താനും നിയമനടപടികൾ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ സി-ഡിറ്റ് സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നത്. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കും പോലീസ് അധികാരികൾക്കും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കെ-ഫോൺ സൗജന്യമായാണ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത്.
പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയിൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കണ്ണൂരിലെ പന്നിയന്നൂർ, ആലപ്പുഴയിലെ പട്ടണക്കാട് എന്നീ പഞ്ചായത്തുകളിൽ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.










0 comments