ad
Deshabhimani

തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാർഥി വെന്റിലേറ്ററിൽ

taekwondo-match.jpg
വെബ് ഡെസ്ക്

Published on Aug 11, 2026, 08:21 AM | 1 min read

തൃശൂർ: മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനെ (17) എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതിന് എയർ ആംബുലൻസിലാണ് ഫൈസിനെ കൊച്ചിയിലെത്തിച്ചത്. ഫൈസ് അബോധാവസ്ഥയിലാണ്.


ഈ മാസം മൂന്നിന് വൈകിട്ട് നാഗപ്പൂരിലെ ചന്ദ്രപൂരിൽ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റത്. മത്സരസമയത്ത് ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തിൽ തലച്ചോറിലെ രക്തം കട്ടപിടിക്കുകയായിരുന്നു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കി. തുടർന്നാണ് വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോ സർജറി വിഭാഗം ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് വിദ്യാർഥി. എതിർ മത്സരാർഥി കായിക നിയമങ്ങൾ അനുസരിക്കാതെയാണ് ഫൈസിനെ ആക്രമിച്ചതെന്ന് കുടുംബം ആരോപിച്ചു.


മത്സരത്തിനിടെ എതിർ താരം ഫൗൾ പ്ലേ തുടർന്നപ്പോൾ ഫൈസ് മത്സരം നിർത്താൻ റഫറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തയ്യാറായില്ല. തുടർന്നാണ് എതിരാളി ഫൈസിന്റെ തലയിലേക്ക് കാലുകൊണ്ട് ശക്തമായി പ്രഹരിച്ചത്. അപ്പോൾതന്നെ ബോധരഹിതനായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റഫറിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കും നിരുത്തരവാദ സമീപനത്തിനുമെതിരെ ഫൈസിന്റെ അച്ഛനും അമ്മയും സിബിഎസ്ഇ ചെയർമാന് പരാതി നൽകിയിട്ടുണ്ട്. എതിർമത്സരാർഥിക്കും റഫറിക്കുമെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇവർ അറിയിച്ചു. മതിലകം സ്വദേശി അബ്ദുൾ ജലാലിന്റെയും ബുഷറയുടെയും മകനാണ് ഫൈസ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home