print edition ക്രൈസ്‌തവർക്കെതിരെയുള്ള അതിക്രമം ആശങ്കാജനകം : സിബിസിഐ

ന്യൂഡൽഹി
ക്രിസ്‌മസ് വേളയിൽ ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങൾ ഭയാനകമാംവിധം വർധിച്ചതിൽ കാത്തലിക് ബിഷപ്‌സ് കോൺഫറന്‍സ് ഓ-ഫ് ഇന്ത്യ (സിബിസിഐ) കടുത്ത ആശങ്ക രേഖപ്പെടുത്തി. കരോൾ ഗായകസംഘങ്ങൾക്കും പ്രാർഥനകൾക്ക് പള്ളികളിൽ ഒത്തുചേരുന്ന വിശ്വാസികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്. ഇത്തരം അതിക്രമങ്ങൾ ഭരണഘടന വാഗ്‌ദാനം ചെയ്‌ത മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ഭയരഹിതമായി ആരാധന നടത്താനുള്ള അവകാശത്തെയും അട്ടിമറിക്കുന്നു.
മധ്യപ്രദേശിലെ ജബൽപുരിൽ ക്രിസ്‌മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്‌ചപരിമിതിയുള്ള യുവതിയെ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഞ്‌ജു ഭാർഗവ പരസ്യമായി ശകാരിച്ച് കൈയേറ്റം ചെയ്യുന്ന ദൃശ്യം അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചു. അങ്ങേയറ്റം ഹീനവും മനുഷ്യത്വരഹിതവുമായി ദേശവിരുദ്ധർ ക്രിസ്‌മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുകയാണ്. അഞ്‌ജു ഭാർഗവയെ പോലെയുള്ളവരെ ബിജെപി ഉടൻ പുറത്താക്കണം. ചത്തീസ്‌ഗഡിൽ ക്രൈസ്‌തവർക്കെതിരെ വിദ്വേഷം ചീറ്റുന്ന ഡിജിറ്റൽ പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ട്. ക്രൈസ്‌തവർക്കെതിരെ 24ന് ബന്ദ് നടത്തുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. മതസ്‌പർധയും സംഘർഷങ്ങളും സൃഷ്‌ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.
വിദ്വേഷപ്രചരണങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർശന നടപടി സ്വീകരിക്കണം. ക്രൈസ്‌തവ വിഭാഗങ്ങൾക്ക് സംരക്ഷണം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഇടപെടണം. അതിക്രമസംഭവങ്ങൾക്ക് കാരണക്കാരായവരെ അറസ്റ്റ്‌ചെയ്യണം. സമാധാന അന്തരീക്ഷത്തിൽ ഭയമില്ലാതെ ക്രിസ്‌മസ് ആഘോഷിക്കാൻ സാഹചര്യമുണ്ടാക്കണം –സിബിസിഐ ആവശ്യപ്പെട്ടു.










0 comments