ad
Deshabhimani

വർഗീയ പരാമർശം: ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

b gopalakrishnan
വെബ് ഡെസ്ക്

Published on Mar 22, 2026, 06:15 PM | 1 min read

തൃശൂർ: വോട്ട്‌ ലക്ഷ്യമാക്കി നടത്തിയ വിവാദ വർഗീയ പരാമർശത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ഗുരുവായൂർ മണ്ഡലം സ്ഥാനാർഥിയുമായ അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ പൊലീസ്‌ കേസ്‌. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കറുടെ നിർദേശത്തില്‍ തൃശൂർ കലക്ടർ പൊലീസിനോട്‌ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.


ജനപ്രാതിനിധ്യ നിയമം,1951 ലെ 123(3) വകുപ്പ് പ്രകാരവും മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് വോട്ട്‌ അഭ്യർഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കരുത്. ഇ‍ൗ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി കണ്ടതോടെയാണ് നടപടി. ഗുരുവായൂർ ടെമ്പിൾ പൊലീസാണ്‌ കേസെടുത്തത്‌.


കലക്ടറുടെ നിർദേശപ്രകാരം വിവാദ പരാമർശമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കി. ബിജെപി സ്ഥാനാര്‍ഥിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി സുമേഷ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകിയിരുന്നു.


ഗുരുവായൂർ മണ്ഡലത്തിൽ 48 ശതമാനം ഹൈന്ദവ ജനസംഖ്യയുണ്ടായിട്ടും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഒരു 'ഹിന്ദു എംഎൽഎ' ഉണ്ടായിട്ടില്ലെന്നും, എൽഡിഎഫും യുഡിഎഫും ബോധപൂർവം ഹിന്ദു വിഭാഗങ്ങളെ അവഗണിക്കുകയാണെന്നുമാണ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചത്. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണിതെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പറഞ്ഞു.


ഇന്ന് കാണുന്ന ഗുരുവായൂർ ക്ഷേത്രനഗരത്തിന്റെ വികസന പ്രക്രിയയിൽ ബിജെപിക്കോ അവരുടെ മുൻഗാമിയായ ജനസംഘത്തിനോ യാതൊരു പങ്കുമില്ല. മതനിരപേക്ഷ പാർടികളാണ് ഗുരുവായൂരിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ചത്. വികസന കാര്യത്തിൽ മറുപടിയില്ലാത്ത ബിജെപി, തോൽവി ഭയന്നാണ് വർഗീയ പരാമർശങ്ങളുന്നയിക്കുന്നത്. ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയം ഗുരുവായൂരിലെ മതനിരപേക്ഷ ജനത തള്ളിക്കളയുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home