സ്ഥാനാർഥി നിർണയം: ലീഗിൽ പൊട്ടിത്തെറി

തിരുവനന്തപുരം : സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രഖ്യാപനത്തിനെതിരെ മുസ്‌ലിം ലീഗ് സെക്രട്ടറിയും മുൻ എംഎൽഎയുമായ അബ്ദുറഹ്മാൻ രണ്ടത്താണിയും മുതിർന്ന വനിതാ ലീഗ് നേതാവ് നൂർബീന റഷീദും രംഗത്ത് വന്നതോടെ ലീഗ് കേന്ദ്രങ്ങൾ പോലും ഞെട്ടി. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാതെ ലീഗ് അണികൾ ഞെട്ടലിലും അമ്പരപ്പിലുമാണ്. തോൽവി ഭയന്ന് പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നും മലപ്പുറത്തേക്ക് കൂറുമാറിയപ്പോൾ കണ്ണൂരിൽ നിന്നും കെ എം ഷാജിയെ വേങ്ങരയിൽ കെട്ടിയിറക്കി.
രണ്ട് ടേം മാത്രം പൂർത്തിയാക്കിയ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദിന് സീറ്റ് ലഭിക്കാതിരുന്നതും അണികളിൽ ഞെട്ടൽ ഉളവാക്കി. അബ്ദുൾ ഹമീദിനെ ഒഴിവാക്കിയതിനെതിരെ വള്ളിക്കുന്നിൽ കടുത്ത പ്രതിഷേധമുണ്ട്. മൂന്ന് ടേം പൂർത്തിയാക്കിയ മലപ്പുറം എംഎൽഎ പി ഉബൈദുള്ളയെ ഒഴിവാക്കിയപ്പോൾ ഏറനാട്ടിൽ പി കെ ബഷീർ നാലാം തവണയും സീറ്റുറപ്പിച്ചു. അവസാന നിമിഷം വരെ സീറ്റിനായി ശ്രമിച്ച ഉബൈദുള്ള, പി കെ ബഷീറിന് ഇളവ് നൽകിയതിൽ കടുത്ത പ്രതിഷേധത്തിലാണ്. തിരൂരങ്ങാടിയിൽ കെ പി എ മജീദ് മാറുമ്പോൾ, സീറ്റ് ഉറപ്പിച്ച് നിന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെയും ഒതുക്കി. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളിൽ ആരോപണ വിധേയനായ ഫിനാൻസ് മാനേജരായ പി എം എ സമീറാണ് തിരൂരങ്ങാടിയിലെ സ്ഥാനാർഥി.
എം കെ മുനീറിനെ വെട്ടി കോഴിക്കോട് സൗത്തിൽ പരദേശി സ്ഥാനാർഥിയെ ഇറക്കിയതിലും ലീഗിൽ പ്രതിഷേധം ആളുകയാണ്. സി എച്ച് മുഹമ്മദ്‌കോയയുടെ മകനെ അവഗണിച്ച് അപരിചിതനെ ഇറക്കിയതാണ് പരാതിക്ക് കാരണം. മുസ്ലിം യൂത്ത് ലീഗ് നേതാവായ ഫൈസൽ ബാബു മണ്ഡലത്തിൽ സ്വീകാര്യനല്ല, പാർടി പ്രവർത്തകരിലും അറിയപ്പെടുന്നയാളല്ല. മുനീറില്ലെങ്കിൽ ജില്ലയിൽനിന്നുള്ള നിരവധി നേതാക്കൾ സ്ഥാനാർഥിത്വത്തിനായി മോഹിച്ചിരുന്നു. വനിതാ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി നൂർബിന റഷീദ്, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്‌മയിൽ എന്നിവർക്കായി മണ്ഡലം കമ്മിറ്റികളും രംഗത്തുണ്ടായിരുന്നു. മുനീറിനെ തഴഞ്ഞത് അപ്രതീക്ഷിതമെന്നാണ് പാർടി കേന്ദ്രങ്ങൾ പറയുന്നത്. സി എച്ച് മുഹമ്മദ്‌കോയയുടെ മകനോട് നേതൃത്വം അനീതി കാട്ടിയതും ചർച്ചയാകുന്നുണ്ട്.
ലീഗിൽ മുൻപില്ലാത്ത വിധമാണ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം ഉയരുന്നത്. പാണക്കാട് തങ്ങളുടെ വാക്കിന് എതിർവാക്കില്ലായിരുന്നു. എല്ലാം അണികൾ തക്‌ബീർ ചൊല്ലി ഏറ്റെടുക്കും. അങ്ങനെയാണ് കൊല്ലക്കാരനായ യൂനുസ് കുഞ്ഞിനെ മലപ്പുറത്ത് മത്സരിപ്പിച്ച് ജയിപ്പിച്ചത്. എന്നാൽ ഇന്നതല്ല സ്ഥിതി. കാസർകോട് തീരുമാനിച്ച കെ എം ഷാജിക്കെതിരെ അവിടെ ലീഗ് കലാപം ഉയർത്തി. അതോടെയാണ് വേങ്ങര നൽകിയത്. എന്നിട്ടും പ്രതിഷേധം അടങ്ങുന്നില്ല.










0 comments