മുത്തങ്ങ നരവേട്ടയിൽ ആന്റണിക്ക് മാപ്പില്ല ; ആദിവാസികളോട് പൊലീസ് പെരുമാറിയത് മൃഗങ്ങളെപ്പോലെ

തിരുനെല്ലി
മുത്തങ്ങയിൽ ആദിവാസി നരനായാട്ടിന് ഉത്തരവിട്ട അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് എത്രകാലം കഴിഞ്ഞാലും മാപ്പുനൽകാനാകില്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ സി കെ ജാനു.
വേട്ടപ്പട്ടികളെപ്പോലെയാണ് ആന്റണിയുടെ പൊലീസ് സമരംചെയ്‌ത ആദിവാസികളെ നേരിട്ടതെന്ന് ജനാധിപത്യ രാഷ്‌ട്രീയ പാർടി സംസ്ഥാന പ്രസിഡന്റ് കൂടിയായ ജാനു പറഞ്ഞു. സ്‌ത്രീയെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ക്രൂരപീഡനത്തിന് ഇരയാക്കി. പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം തല അടിച്ചുപൊട്ടിച്ചത് മനസ്സിൽനിന്ന് മായില്ല. ശരീരം അടിച്ചുകലക്കി മാസങ്ങളോളം എഴുന്നേറ്റ് നടക്കാൻപോലുമാകാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ നിരവധി.
മാനസികവും ശാരീരികവുമായ വേദനകൾ ഇപ്പോഴും പിന്തുടരുകയാണ്. മനുഷ്യനായ ഒരാളെപ്പോലും അന്ന് പൊലീസിൽ കണ്ടില്ല. മൃഗങ്ങളായാണ് പൊലീസ് പെരുമാറിയത്. ക്രൂരമർദനം നടത്തിയ ഒരാൾക്കെതിരെപ്പോലും നടപടിയുണ്ടായില്ല. പൊലീസിന്റെ മറ്റു പല അതിക്രമങ്ങൾക്കെതിരെയും നടപടിയുണ്ടായെങ്കിലും ആദിവാസികൾ നേരിട്ട ക്രൂരതയ്‌ക്കെതിരെ ആന്റണി ചെറുവിരൽ അനക്കിയില്ലെന്നും സി കെ ജാനു മാധ്യമങ്ങളോട് പറഞ്ഞു.










0 comments