നാടിനെ നടുക്കി അരുംകൊല; ദിൻഷയുടെ കഴുത്തിൽ പല തവണ കുത്തി, നിർവികാരനായി പ്രതി

പ്രതി ജിത്തുവിനെ മാരാമൺ റിസോർട്ട് പരിസരത്തെ മരത്തിൽ കെട്ടിയിട്ട നിലയിൽ, കൊല്ലപ്പെട്ട ദിൻഷ
കോഴഞ്ചേരി : ഹോട്ടൽ ജീവനക്കാരിയായ യുവതിയുടെ അരുംകൊലയിൽ നടുങ്ങി മാരാമൺ. പത്തനംതിട്ട കോഴഞ്ചേരി മാരാമൺ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ റിസപ്ഷൻ ട്രെയിനിയായി ജോലി ചെയ്തിരുന്ന കൊല്ലം കുളത്തൂപ്പുഴ സ്വദേശി ദിൻഷ (21)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ ജിത്തു (28) വാണ് പ്രതി. ദിൻഷക്ക് പ്രതിയുമായി മുൻപരിചയം ഉണ്ടായിരുന്നു.
ദിൻഷ ഈ മാസം പതിനൊന്നിനാണ് ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെ ഹോട്ടലിലെത്തിയ പ്രതി ജിത്തു യുവതിയെ സമീപത്തുള്ള മരച്ചുവട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കുറച്ചുനേരം സംസാരിച്ചു. ശേഷമാണ് കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് ആക്രമിച്ചത്. യുവതിയുടെ കഴുത്തിൽ പലതവണ കുത്തി. ആക്രമണത്തിൽ താഴെ വീണ ദിൻഷയെ വീണ്ടും കുത്തി.
സംഭവസമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് പുറത്തുണ്ടായിരുന്നത്. ബഹളം കേട്ട് ജീവനക്കാർ ഓടിക്കൂടി. കത്തി താഴെയിട്ടതിനു പിന്നാലെ ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി റിസോർട്ടിനുമുന്നിലെ മരത്തിൽ കെട്ടിയിട്ടു. പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയബന്ധത്തിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.








0 comments