ad
Deshabhimani

print edition പൊലീസുകാരെ മർദിച്ച സഹോദരങ്ങൾ അറസ്‌റ്റിൽ

brothers assaulting police

ജെ ജിന്റോ, ജെ പ്രിൻസ്

വെബ് ഡെസ്ക്

Published on Apr 13, 2026, 12:01 AM | 1 min read

കൊച്ചി : എറണാകുളം നോര്‍ത്ത് പാലത്തിനുസമീപം പൊലീസുകാരെ മർദിച്ച സഹോദരങ്ങൾ അറസ്‌റ്റിൽ. എറണാകുളം നോർത്ത് സ്‌റ്റേഷൻ എസ്ഐ എഡ്വേർഡ് ഗ്ലാഡ്വിൻ, സിപിഒ ആർ മണികണ്ഠൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരുടെയും കൈയ്‌ക്ക്‌ മുറിവേറ്റു. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മഡോണ വീട്ടിൽ ജെ പ്രിൻസ് (29), സഹോദരൻ ജെ ജിന്റോ (27) എന്നിവരാണ് പൊലീസിനെ മര്‍ദിച്ച കേസില്‍ പിടിയിലായത്.


പോക്‌സോ കേസ്‌ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്‌ ജിന്റോ. ശനി വൈകിട്ട് 5.45ന്‌ നോർത്ത് പാലത്തിന് താഴെയായിരുന്നു സംഭവം. ജോലി തേടി കൊച്ചിയിൽ എത്തിയതായി പറയുന്ന പ്രതികൾ പാലത്തിന് താഴെ ഇരിക്കുകയായിരുന്നു. ഈ സമയം ജീപ്പിൽ ഇതുവഴി കടന്നുപോയ എസ്ഐ എഡ്വേർഡ് ഗ്ലാഡ്വിൻ, ഇവരോട് ഇവിടെ ഇരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. മാറാമെന്ന് ഇരുവരും ഉറപ്പുപറഞ്ഞതോടെ പൊലീസ് സംഘം മടങ്ങി. പതിനഞ്ച്‌ മിനിറ്റ് കഴിഞ്ഞ് മറ്റൊരു ആവശ്യത്തിനായി പൊലീസ് തിരിച്ചുവരുമ്പോൾ സഹോദരങ്ങൾ അവിടെത്തന്നെയുണ്ടായിരുന്നു.


തുടർന്ന്‌, വിവരങ്ങൾ തിരക്കാൻ തുനിഞ്ഞതോടെ സഹോദരങ്ങൾ പൊലീസിനുനേരെ തട്ടിക്കയറി. തിരിച്ചറിയൽ കാർഡ്‌ ചോദിച്ചെങ്കിലും യുവാക്കൾ തരാൻ കൂട്ടാക്കിയില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതോടെ സഹോദരങ്ങൾ എസ്ഐയുടെ കൈപിടിച്ച് തിരിക്കുകയും മർദിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ ജീപ്പിന്റെ വലതുവശത്തെ മിറർ ഉടഞ്ഞു. ചില്ലുകൊണ്ടാണ് എസ് ഐക്കും സിപിഒയ്ക്കും മുറിവേറ്റത്. പ്രതികൾ വയർലെസിന്റെ ആന്റിനയും നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവർ കൊച്ചിയിൽ എത്തിയത് എന്തിനാണെന്ന്‌ അന്വേഷിച്ചുവരികയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home