ബ്രോസ്റ്റഡ് ചിക്കൻ തീർന്നു; വഴിയോരക്കടയിൽ ആക്രമണം

കോഴിക്കോട് :ബ്രോസ്റ്റഡ് ചിക്കൻ തീർന്നതിന്റെ പേരിൽ ആക്രമണം. താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ച് പേരടങ്ങിയ സംഘമാണ് കടയുടമയെയും ജീവനക്കാരെയും മർദ്ദിച്ചത്.
രാത്രി 12.15 ഓടെ കടയിലെത്തിയ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ബ്രോസ്റ്റഡ് ചിക്കനുണ്ടോ എന്ന് ചോദിച്ചായിരുന്നു അഞ്ച് അംഗ സംഘം കടയിലെത്തിയത്. ചിക്കൻ തീർന്നു പോയെന്ന് ജീവനക്കാർ പറഞ്ഞതോടെ ഇപ്പോൾ തന്നെ ബ്രോസ്റ്റഡ് ചിക്കൻ വേണമെന്ന് പറഞ്ഞ് സംഘം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് വാക്ക് തർക്കത്തിലേക്കും ആക്രമണത്തിലേക്കും നീങ്ങുകയായിരുന്നു. രണ്ട് പേരായിരുന്നു കടയിലുണ്ടായിരുന്നത്.
കോഫീ ഷോപ്പ് ഉടമ നല്ലിക്കൽ സയ്യീദ്, ജീവനക്കാരൻ ആസാം സ്വദേശിയു മെഹദി ആലം എന്നിവരെ ക്രൂരമായി മർദ്ദിക്കുകയും, കടയിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ താമരശ്ശേരി പൊലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
Related News

0 comments