ad
Deshabhimani

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി; റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

vigilance
വെബ് ഡെസ്ക്

Published on Feb 07, 2026, 04:34 PM | 1 min read

എറണാകുളം : വീടുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്കുന്നതിന് കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ എ ജി സൈജുവിനെയാണ് വിജിയൻസ് പിടികൂടിയത്. എറണാകുളം ചമ്പക്കര സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ വിദേശത്തുള്ള മകളുടേയും ഭർത്താവിന്റെയും പേരിൽ മരട് മുനിസിപ്പാലിറ്റി പരിധിയിൽ വാങ്ങിയ രണ്ട് വീടുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്കുന്നതിന് 5,000 രൂപയാണ് സൈജു കൈക്കൂലി വാങ്ങിയത്.


വീടുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ജനുവരി ആദ്യം മരട് മുനിസിപ്പാലിറ്റിയിൽ അക്ഷയ വഴി 1,200 രൂപ ഫീസ് അടച്ച് അപേക്ഷകൾ നൽകിയിരുന്നു. തുടർന്ന് റവന്യൂ ഇൻസ്പെക്ടറായ സൈജു നേരിട്ട് വന്ന് രണ്ട് വീടുകളുടെയും സ്ഥല പരിശോധന നടത്തുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷവും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ പരാതിക്കാരി സൈജുവിനെ നേരിൽ കണ്ട് തിരക്കിയപ്പോൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 5,000 രൂപ കൈക്കൂലി നല്കണമെന്ന് ആവശ്യപ്പെടുകയും സ്ത്രീയുടെ കൈവശമുണ്ടായിരുന്ന 2,000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു. ശേഷം ഈ തുകയ്ക്ക് ഒരു വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മാത്രമേ നൽകൂ എന്നും, രണ്ടാമത്തെ വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വേണമെങ്കിൽ വീണ്ടും അക്ഷയ വഴി അപേക്ഷിക്കണമെന്നും, പഴയ അപേക്ഷ അക്ഷയിലേയ്ക്ക് റീ-ഡയറക്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പരാതിക്കാരിയെ തിരികെ അയച്ചു.


തുടർന്ന് ഇവർ വീണ്ടും അക്ഷയ വഴി അപേക്ഷ നല്കിയതിന് ശേഷം സൈജുവിനെ നേരിൽ കണ്ടപ്പോൾ 3,000 രൂപയുമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി വിവരം വിജിലൻസ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്ന് ഉച്ചക്ക് ഇവരിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുനിസിപ്പാലിറ്റി ഓഫീസിനുള്ളിൽ വച്ച് വിജിലൻസ് സംഘം പിടികൂടിയത്. സൈജുവിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 1064 (വിജിലൻസ് ടോൾഫ്രീ നമ്പർ), 8592900900, 9447789100 (വാട്സാപ്പ്) എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home