print edition ബ്രഹ്മപുരം : മാറ്റത്തിന്റെ മഹാഗാഥ

ജെയ്സൻ ഫ്രാൻസിസ്
Published on Mar 23, 2026, 12:00 AM | 1 min read
കൊച്ചി : മാലിന്യസംസ്‌കരണ രംഗത്ത് കേരളത്തിന്റെ മികവിന്റെ നേർക്കാഴ്ചയാണിന്ന് ബ്രഹ്മപുരം. മാലിന്യമലകൾ തച്ചുടച്ച് സംസ്ഥാന സർക്കാരും എൽഡിഎഫ് കോർപറേഷൻ ഭരണസമിതിയും (2020–2025) ചേർന്ന് പുതിയഭൂമിക സൃഷ്ടിച്ചു. ജൈവമാലിന്യം സംസ്‌കരിച്ച് കംപ്രസ്‌ഡ് ബയോഗ്യാസും ജൈവവളവും ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് തലഉയർത്തി നിൽക്കുകയാണിവിടെ.
സിബിജി പ്ലാന്റ്
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സഹകരണത്തോടെയാണ് സിബിജി പ്ലാന്റ് നിർമാണം. കൊച്ചി കോർപറേഷൻ പരിധിയിലെ 150 ടൺ ജൈവമാലിന്യം ദിവസേന എത്തിച്ച് 5600 കിലോ ഗ്യാസും 28 ടണ്ണോളം ജൈവവളവും പ്ലാന്റിൽ ഉൽപാദിപ്പിക്കാം. ബിപിസിഎല്ലിൽ ഹൈഡ്രജൻ ഉൽപ്പാദനത്തിനുള്ള ഇന്ധനമായാണ് സിബിജി ഉപയോഗിക്കുക. സിബിജി ഉപയോഗിച്ച് ദിവസം ഏകദേശം 1.8 ടൺ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാം. ഗ്യാസ് ഉൽപ്പാദനത്തിലൂടെ 28 ടണ്ണോളം ദ്രവ, ഖര രൂപത്തിലുള്ള ജൈവവളമാണ് ഉപോൽപ്പന്നമായി ലഭിക്കുക.
മാലിന്യം തിന്നുതീർക്കുന്ന ‘പട്ടാളം’
ജൈവമാലിന്യം ഭക്ഷിച്ച് വളമാക്കുന്ന പട്ടാളപ്പുഴുക്കളെ ഇറക്കിയതും മാലിന്യപ്രശ്നത്തിന് പരിഹാരമാണ്. പുഴുക്കൾ ഉപയോഗിച്ചുള്ള രണ്ട് ബിഎസ്‌എഫ് പ്ലാന്റുകൾ ബ്രഹ്മപുരത്ത് പ്രവർത്തിക്കുന്നു.
പടരുന്ന പച്ചപ്പ്
39 ഏക്കറിലുണ്ടായിരുന്ന മാലിന്യത്തിൽ 99 ശതമാനവും ബയോമൈനിങ്ങിലൂടെ നീക്കി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരം 706.55 കോടിയുടെ പദ്ധതികളും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തിന് മാതൃക
‘സംസ്ഥാന സർക്കാരും കൊച്ചി കോർപറേഷനും ചേർന്ന് നടത്തിയ ഭാവനാസന്പന്നവും ശാസ്‌ത്രീയവുമായ പദ്ധതികളുടെ, ഇടപെടലിന്റെ വിജയ മാതൃകയാണിന്ന് ബ്രഹ്മപുരം. സംസ്ഥാനത്തെ ആദ്യ സിബിജി പ്ലാന്റ് സജ്ജമാക്കി. മാലിന്യം ജൈവവളമാക്കുന്ന രണ്ട് ബിഎസ്‌എഫ് പ്ലാന്റുകൾ പ്രവർത്തിക്കുന്നു. കേരളത്തിനാകെ അഭിമാനമാണ് ബ്രഹ്മപുരം.’– കൊച്ചി മുൻ മേയർ എം അനിൽകുമാർ പറഞ്ഞു.










0 comments