ad
Deshabhimani

മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

print edition ബ്രഹ്മപുരം സിബിജി പ്ലാന്റ്‌ 27ന്‌ നാടിന്‌ സമർപ്പിക്കും

Brahmapuram
വെബ് ഡെസ്ക്

Published on Feb 11, 2026, 01:20 AM | 1 min read


കൊച്ചി

ജൈവമാലിന്യസംസ്‌കരണത്തിന്‌ ബിപിസിഎല്ലിന്റെ സഹകരണത്തോടെ ബ്രഹ്മപുരത്ത്‌ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയ കംപ്രസ്‌ഡ്‌ ബയോഗ്യാസ്‌ (സിബിജി) പ്ലാന്റ്‌ 27ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. ദിവസവും 150 ടൺ മാലിന്യം സംസ്കരിച്ച് ആറ്‌ ടണ്ണോളം കംപ്രസ്‌ഡ്‌ ബയോഗ്യാസ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്‌. 80 കോടിയോളമാണ്‌ നിർമാണ ചെലവ്‌.


നഗരത്തിലെ ജൈവമാലിന്യപ്രശ്‌നത്തിന്‌ പരിഹാരമായാണ്‌ സംസ്ഥാന സർക്കാരിന്റെ മുൻകൈയോടെ ബിപിസിഎൽ സിബിജി പ്ലാന്റ്‌ നിർമിക്കാൻ സന്നദ്ധമായത്‌. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. തീപിടിത്തത്തിനുപിന്നാലെ 2023 മെയ്‌ മൂന്നിന്‌ ചേർന്ന യോഗത്തിൽ മന്ത്രിമാരായ പി രാജീവ്‌, എം ബി രാജേഷ്‌ എന്നിവരാണ്‌ ബിപിസിഎല്ലിന്റെ സഹകരണം തേടിയത്‌. സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ച്‌ സിബിജി പ്ലാന്റ്‌ സ്ഥാപിക്കാനുള്ള സന്നദ്ധതയറിയിച്ചു. തുടർന്ന്‌ 2023 ഡിസംബറിൽ ഡിപിആർ സമർപ്പിച്ചു. റെക്കോഡ്‌ വേഗത്തിൽ പ്ലാന്റ്‌ നിർമാണപദ്ധതിക്ക്‌ ബിപിസിഎൽ ബോർഡ്‌ യോഗവും അനുമതി നൽകി. ബിപിസിഎൽ സമർപ്പിച്ച പദ്ധതി നിർദേശത്തിന്‌ 2024 നവംബർ 23നാണ്‌ സംസ്ഥാന സർക്കാരിന്റെ അനുമതിയായത്‌. തുടർന്ന്‌ 24 മണിക്കൂറിനകം കമ്പനി ബോർഡ്‌ യോഗം ചേർന്ന്‌ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. കമ്പനിയുടെ 100 വര്‍ഷത്തെ ചരിത്രത്തിലാദ്യമാണ്‌ ഒരു പദ്ധതിയിൽ ഇത്രവേഗം തീരുമാനമുണ്ടായത്‌. ​

പ്ലാന്റിനാവശ്യമായ പത്തേക്കർ ബിപിസിഎല്ലിനോട്‌ ചേർന്ന്‌ കോർപറേഷനിലെ മുൻ എൽഡിഎഫ്‌ ക‍ൗൺസിൽ വിട്ടുനൽകി. 2024 മാർച്ചിൽ നിർമാണം ആരംഭിച്ചു. 18 മാസമാണ്‌ നിർമാണ കാലാവധി തീരുമാനിച്ചതെങ്കിലും ആറുമാസംമുന്പേ നിർമാണം പൂർത്തിയാക്കി ട്രയൽ റൺ തുടങ്ങാനായി.


നഗരസഭയുടെ ആവശ്യപ്രകാരം മാലിന്യത്തിൽനിന്ന്‌ ജൈവവളമുണ്ടാക്കുന്ന പദ്ധതിക്കായി സിഎസ്‌ആർ ഫണ്ടിൽനിന്ന്‌ 25 കോടി രൂപ അനുവദിക്കാൻ ബിപിസിഎൽ തീരുമാനിച്ചിരുന്നു. അതിനിടെയായിരുന്നു തീപിടിത്തം. തുടർന്ന്‌ മാലിന്യത്തിൽനിന്ന്‌ ജൈവവളമുണ്ടാക്കുന്ന പദ്ധതി ഉപേക്ഷിച്ചു. പിന്നാലെ, വ്യവസായമന്ത്രി പി രാജീവും തദ്ദേശഭരണമന്ത്രി എം ബി രാജേഷും മേയർ എം അനിൽകുമാറും പ്ലാന്റ്‌ സ്ഥാപിക്കാനുള്ള നിർദേശം ബിപിസിഎല്ലിന്‌ മുന്നിൽവച്ചു. കൊച്ചിയുടെ സുപ്രധാന ആവശ്യമെന്നനിലയിലാണ്‌ ബിപിസിഎൽ പദ്ധതി ഏറ്റെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home