print edition ന്യൂസിലൻഡിൽ കടലിൽ വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഫെര്‍സില്‍ ബാബു
മൂവാറ്റുപുഴ: ന്യൂസിലന്‍ഡിൽ 21 മാസംമുമ്പ് കടലിൽ കാണാതായ മൂവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും. മൂവാറ്റുപുഴ കോളേജ് റോഡ് ചെമ്പകത്തിനാല്‍ ഫെര്‍സില്‍ ബാബു (36)വിന്റെ മൃതദേഹം രാത്രി 11 നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുക.
തിങ്കൾ രാവിലെ ഒമ്പതിന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയില്‍ പൊതുദര്‍ശനം. സംസ്‌കാരം 11.30ന് പള്ളി സെമിത്തേരിയില്‍. ബാബു ജോര്‍ജിന്റെയും ലൈലയുടെയും മകനാണ് ഫെര്‍സില്‍.
2024 മെയ് ഒന്നിനാണ് ന്യൂസിലൻഡ് തൈഹൂരിന് സമീപം ദി ഗ്യാപ്പില്‍ റോക്ക് ഫിഷിങ്ങിനിടെ ഫെർസിൽ കടലിൽ വീണത്. കൂടെയുണ്ടായ ആലപ്പുഴ നെടുമുടി ശശി നിവാസില്‍ ശരത് കുമാറും (37) കടലിൽ വീണു. പാറയിടുക്കില്‍ ചൂണ്ടയിട്ട് മീന്‍പിടിക്കുമ്പോൾ കാല്‍വഴുതി ഇരുവരും കടലില്‍ വീണതാകാമെന്ന് കരുതുന്നു.
ശരത് കുമാറിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം കണ്ടെത്തിയിരുന്നു. ന്യൂസിലൻഡ് പൊലീസ് മൂന്നുദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഫെർസിലിനെ കണ്ടെത്താനായിരുന്നില്ല. 2024 ഡിസംബര്‍ 24ന് ഇതേസ്ഥലത്തുനിന്ന് ലഭിച്ച അസ്ഥികൂടം പൊലീസ് ഡിഎന്‍എ പരിശോധനയ്‌ക്ക് വിധേയമാക്കി. 14 മാസത്തിനുശേഷം കഴിഞ്ഞ ആറിന് ലഭിച്ച പരിശോധനാഫലത്തിൽ അസ്ഥികൂടം ഫെര്‍സിലിന്റേതാണെന്ന് സ്ഥിരീകരിച്ചു. വിവരം പൊലീസ് നാട്ടിൽ ബന്ധുക്കളെ അറിയിച്ചു.
ദുബായിലായിരുന്ന ഫെര്‍സില്‍ 2023 ജനുവരി എട്ടിനാണ് ന്യൂസിലൻഡിൽ എത്തിയത്. വര്‍ക് പെര്‍മിറ്റ് ലഭിച്ച് ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ദുരന്തം. ഭാര്യ: ആഷ്‌ലി (നഴ്‌സ്, ന്യൂസിലൻഡ്, തിരുവല്ല കാവുംഭാഗം കൈലാത്ത് കുടുംബാംഗം). മകൻ: മിഖായല്‍ (രണ്ടരവയസ്സ്).










0 comments