പുഴുവരിച്ച കോഴിമുട്ട വിറ്റു; മംഗളൂരുവിൽ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടച്ചുപൂട്ടി

മംഗളൂരു : പുഴുവരിച്ച കോഴിമുട്ട ഓൺലൈൻ വഴി വിറ്റെന്ന പരാതിയിൽ ഗ്രോസറി ഡെലിവറി സ്ഥാപമായ ബ്ലിങ്കിറ്റിനെതിരെ നടപടി. മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടച്ചുപൂട്ടി. ബ്ലിങ്കിറ്റ് വഴി വാങ്ങിയ മുട്ടയിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് പൂട്ടിയത്. ഉപഭോക്താവ് ആരോഗ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഫൽനിർ സ്‌ക്വയറിലുള്ള ബ്ലിങ്കിറ്റ് ഔട്ട്‌ലെറ്റിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
പരിശോധനയിൽ കേടായതും പൊട്ടിയതുമായ മുട്ടകൾ അടങ്ങിയ പാക്കറ്റുകൾ കണ്ടെത്തി. ഇവ ഉടൻ നീക്കം ചെയ്ത് നശിപ്പിക്കാൻ അധികൃതർ നിർദേശം നൽകി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തി. മുൻകരുതലിന്റെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്റ്റോറേജ് റൂം താൽക്കാലികമായി സീൽ ചെയ്തത്. ശുചീകരണവും അണുനശീകരണവും ഉടനടി പൂർത്തിയാക്കണമെന്നും നിർദേശം നൽകി. സംഭവത്തിൽ വിശദീകരണം തേടി സ്ഥാപനത്തിന് നോട്ടീസ് നൽകുമെന്നും റിപ്പോർട്ടും ബ്ലിങ്കിറ്റിന്റെ മറുപടിയും പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ബംഗളൂരുവിലെ സെപ്റ്റോ ഗോഡൗണിലും സമാനമായ രീതിയിൽ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ അകോലയിലെ ബ്ലിങ്കിറ്റ് സ്ഥാപനത്തിന്റെ ലൈസൻസും സസ്‌പെൻഡ് ചെയ്തിരുന്നു.










0 comments