print edition കേസൊതുക്കാൻ ലക്ഷങ്ങൾ ; ബിജെപി നേതാക്കൾ ഒളിവിൽ

കോതമംഗലം
ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് 10.58 ലക്ഷം രൂപ വാങ്ങി യുവാവിനെ വഞ്ചിച്ച കേസിൽ പ്രതികളായ ബിജെപി നേതാക്കൾ ഒളിവിൽ.
ബിജെപി കോതമംഗലം നിയോജകമണ്ഡലം സെക്രട്ടറി ടി എസ് സുനീഷ്, ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്‌ണൻ മാങ്ങോട് എന്നിവരാണ് കേസെടുത്തതിന് പിന്നാലെ മുങ്ങിയത്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി കോതമംഗലം പൊലീസ് പറഞ്ഞു. ഇതേസമയം പ്രതികൾക്കും തട്ടിപ്പിനിരയായ യുവാവിനും ഇടയിൽ മധ്യസ്ഥം വഹിച്ച പൊലീസുകാരനെയും പ്രതിചേർത്തു. ഇടുക്കി പൊലീസ് സ്‌റ്റേഷനിലെ സിപിഒ സനലിനെയാണ് പ്രതിചേർത്തത്. അടുത്തദിവസം ഇയാളെ ചോദ്യംചെയ്യുമെന്ന് അന്വേഷകസംഘം വ്യക്തമാക്കി.
ചേലാട് പിണ്ടിമന ആറ്റുപുറത്ത് വിമൽ ജോർജിൽനിന്നാണ് നേതാക്കൾ പണം വാങ്ങിയത്. കാസർകോട്, ബംഗളൂരു സ്‌റ്റേഷനുകളിൽ വിമൽ ജോർജിന്റെ പേരിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പിന് കേസെടുത്തിരുന്നു. ഇൗ കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് വാങ്ങിയ 10.58 ലക്ഷം രൂപ മടക്കിനൽകണം എന്നാവശ്യപ്പെട്ട് ബിജെപി കോതമംഗലം മണ്ഡലം ഓഫീസിൽ വിമലിന്റെ അച്ഛനും അമ്മയുമടക്കം ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. വിമലിന്റെ അച്ഛൻ പിണ്ടിമന ആറ്റുപുറത്ത് ജോർജ്, അമ്മ ജിൻസി, ജോർജിന്റെ സഹോദരനും ബിജെപി കോതമംഗലം മുനിസിപ്പൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ എ എം എൽദോസ് എന്നിവർ കന്നാസിൽ പെട്രോളുമായാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തുടർന്ന് വിശ്വാസവഞ്ചന, ചതി എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതികൾ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.










0 comments