ബിജെപിയെ തടയാൻ യുഡിഎഫിന് കഴിയുമോ

തിരുവനന്തപുരം: വോട്ടെടുപ്പ് അടുത്തതോടെ തൽപ്പരകക്ഷികൾ പ്രചാരണവുമായി രംഗത്ത്. ബിജെപി കേരളത്തിൽ ശക്തിയാർജ്ജിക്കുന്നത് തടയാൻ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന വോയ്‌സ് ക്ലിപ്പുകൾ പ്രചരിപ്പിക്കുകയാണ്. യുഡിഎഫ് ഇൗ തവണ കൂടി അധികാരത്തിൽ എത്തിയില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുമെന്നും അതിനാൽ എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് വോയ്‌സ്. ഇൗ തവണ യുഡിഎഫ് ജയിച്ചാൽ ബിജെപി ഇല്ലാതാകും എന്നും പറയുന്നു. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എസ്‌ഐആർ പിണറായി വിജയന്റെ പരിപാടിയാണെന്ന് മുസ്ലിം വീടുകളിൽ കള്ള പ്രചാരണം നടത്തിയതിന്റെ പുതിയ രൂപമാണ് ഇൗ വോയ്‌സ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസുകാരാണ് നല്ലതെന്നും പ്രചരിപ്പിച്ചിരുന്നു.
എന്നാൽ വസ്തുത എന്താണ്: നിലവിൽ സംസ്ഥാനത്ത് ബിജെപിയുടെ 16 സ്ഥാനാർഥികൾ ഇൗ അടുത്ത് കോൺഗ്രസിൽനിന്ന് രാജിവച്ചവരാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും ബിജെപിക്കും ആർഎസ്എസുമായുള്ള ബന്ധവും തെളിഞ്ഞതാണ്. എന്നിട്ടും കോൺഗ്രസ് ജയിച്ചാൽ ബിജെപി ഇല്ലാതാകുമെന്ന് പച്ചകള്ളം പടച്ചുവിടുന്നു.
തുടർഭരണം കൊണ്ട് ബിജെപി വളരും, കോൺഗ്രസ്സ് പാർട്ടിയും പ്രതിപക്ഷവും തളരും എന്നതാണ് മറ്റൊരു ന്യായം. എന്നാൽ ഇതേ ന്യായം തമിഴ്‌നാടിനും ബാധകമാണോ? തുടർഭരണം കൊണ്ട് ബിജെപി വളരാതിരിക്കാൻ ഡൽഹിയിൽ ആംആദ്മിയെ പരാജയപ്പെടുത്തിയപ്പോൾ അധികാരത്തിൽ എത്തിയത് കോൺഗ്രസോ അതോ ബിജെപിയോ? ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തോട് ചേർന്ന് നിൽക്കുന്ന മാഹി ഉൾപ്പെടുന്ന, ഡിഎംകെ കോൺഗ്രസ്സ് സഖ്യം ഭരിച്ചിരുന്ന പുതുച്ചേരിയിലും ബിജെപിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസാണ്.
കോൺഗ്രസ് വിട്ടു പോയ 10 മുൻ മുഖ്യമന്ത്രിമാരിൽ ഒമ്പത് പേരും എത്തിയത് ബിജെപിയിലാണ്. ത്രിപുരയിലും നാഗാലാൻഡിലും അസമിലും ബിജെപി മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസുകാരാണ്. അരുണാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയും എംഎൽഎമാരും ഒന്നടങ്കം ബിജെപി ആയതും ആരും മറന്നില്ല. മധ്യപ്രദേശിൽ. ജോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. അതിനാൽ വോട്ടുകൾ നൽകി കോൺഗ്രസ്സിനെ വിജയിപ്പിച്ചാലും ഇതര സംസ്ഥാനങ്ങളിലേത് പോലെ ബിജെപിയിലേക്ക് കാലുമാറില്ല എന്നുറപ്പുള്ള, ആശയപരമായി സംഘ്പരിവാരവുമായി യോജിക്കാൻ കഴിയില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന എത്രപേർ കേരളത്തിലെ കോൺഗ്രസിലുണ്ട്?
കേരളത്തിൽ ആർഎസ്‌എസിന്റെ ഉന്നത നേതാവിനെ സംയുക്ത സ്ഥാനാർഥിയാക്കിയ ബേപ്പൂർ–വടകര കോലീബി സഖ്യവും മറക്കാറായിട്ടില്ല. കേരളത്തിൽ ആദ്യമായി ബിജെപിക്ക് എംഎൽഎയേയും എംപിയേയും സംഭാവന ചെയ്‌തതും കോൺഗ്രസ് നിലപാടാണ്. നേമത്തും തൃശൂരും. തിരുവനന്തപുരം നഗരസഭ കോൺഗ്രസാണ് ബിജെപിക്ക് സമർപിച്ചത്. തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസുകാർ കൂറുമാറി ബിജെപിയെ ഭരണത്തിലെത്തിച്ചു. ആർഎസ്‌എസ് സ്ഥാപകന്റെ ഫോട്ടോക്ക് മുമ്പിൽ കുമ്പിട്ട് നിലവിളക്ക് കത്തിച്ച നേതാവിന്റെ പേര് വി ഡി സതീശൻ എന്നാണ്. വിശഹിന്ദുപരിഷത്ത് വിഷനാവ് തൊഗാഡിയയുടെ പേരിലെടുത്ത കേസും തിരുവനന്തപുരം എംജി കോളേജിൽ പൊലീസിന് നേരെ ബോബെറിഞ്ഞ ആർഎസ്‌എസുകാർക്കെതിരായ കേസും പിൻവലിച്ചത് യുഡിഎഫ് സർക്കാരാണ്. ഇതു പോലെ എത്രയോ ഉദാഹരണങ്ങൾ.










0 comments