ad
Deshabhimani

എന്തുകൊണ്ട് ടിവികെയ്ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ?

ബിജെപി-ഗവർണർ രാഷ്ട്രീയ കള്ളക്കളി പരാജയപ്പെടണം; ജനവിധി അട്ടിമറിക്കപ്പെടരുതെന്ന് ജോൺ ബ്രിട്ടാസ്

john brittas mp

ജോൺ ബ്രിട്ടാസ് എംപി

വെബ് ഡെസ്ക്

Published on May 08, 2026, 09:30 PM | 2 min read

തിരുവനന്തപുരം: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് 120 എംഎൽഎമാരുടെ പിന്തുണയോടെ തമിഴക വെട്രി കടകം അധികാരത്തിലേക്കെത്തുകയാണ്. കോൺ​ഗ്രസ്, സിപിഐഎം, സിപിഐ, വിസികെ, എന്നിവരുടെ കൂടെ പിന്തുണ ലഭിച്ചതോടെയാണ് കേവലഭൂരിപക്ഷത്തിലേക്ക് ടിവികെ എത്തിയത്.


രാഷ്ട്രീയസാഹചര്യങ്ങൾ മാറിമറയുന്ന ഈ അവസരത്തിൽ തമിഴ്നാട്ടിൽ വിജയ് യുടെ ടിവികെക്ക് എന്തുകൊണ്ട് ഇടതുപക്ഷം പിന്തുണ നൽകാൻ തീരുമാനിച്ചു എന്നതിൽ വ്യക്ത വരുത്തുകയാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി. തമിഴ്നാട്ടിലെ അനിശ്ചിതത്വത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ കള്ളക്കളിക്ക് മുതിരുന്ന ബിജെപിയുടെയും ഗവർണറുടെയും ശ്രമങ്ങളെ പരാജയപ്പെടുത്താൻ വേണ്ടിയാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഇടതുപക്ഷം തീരുമാനിച്ചതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ജനവിധി അട്ടിമറിക്കപ്പെടുന്നില്ല എന്നുള്ള കാര്യം ഉറപ്പുവരുത്തുക കൂടിയാണ് ലക്ഷ്യമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.


'234 അം​ഗ നിയമസഭയിൽ ടിവികെയ്ക്ക് ലഭിച്ചത് 108 സീറ്റാണ്. കേവലഭൂരിപക്ഷം നേടാൻ 118 സീറ്റുകളാണ് ആവശ്യം. ഡിഎംകെ ചേരിയിൽ മത്സരിച്ച കോൺ​ഗ്രസ്, തങ്ങളുടെ അഞ്ച് എംഎൽഎമാരെയും കൊണ്ട് ആദ്യം തന്നെ ടിവികെ പക്ഷത്തോട് ചേർന്നു. ഇടതുപക്ഷത്തിന്റെ നിലപാട് വളരെ സ്പഷ്ടമായിരുന്നു. തമിഴ്നാട്ടിലെ ജനവിധി വിജയ്ക്ക് അനുകൂലമാണ്. ഏറെക്കുറെ ഭൂരിപക്ഷത്തോട് ചേർന്നുനിൽക്കുന്ന വിജയ് യെ ക്ഷണിക്കണമെന്നും അതാണ് രാഷ്ട്രീയ മര്യാദയെന്നും ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ​ഗവർണറെ ഉപയോ​ഗിച്ച് കൊണ്ട് കേന്ദ്രഭരണകക്ഷി അവിടെയൊരു കള്ളക്കളി ആരംഭിച്ചുവെന്ന് ബോധ്യമായി.


ഈ അവസരത്തിലാണ് ഡിഎംകെയുമായി സിപിഐഎം, സിപിഐ ചർച്ച നടത്തുകയും വിജയ്ക്ക് പിന്തുണ നൽകിയില്ലെങ്കിൽ ബിജെപിക്ക് കള്ളക്കളി നടത്താനുള്ള അവസരമുണ്ടാകുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് വിസികെ, സിപിഎം, സിപിഐ പാർട്ടികളിൽ 2 പേർ വീതം പിന്തുണ നൽകാൻ തീരുമാനിച്ചത്. ഡിഎംകെയും എഐഎഡിഎംകെയുമായി ചേർന്ന് ഒരു സഖ്യമുണ്ടാക്കി അതിനെ പിന്തുണച്ചാൽ അതിൽ വലിയൊരു അധാർമികതയുണ്ട്. കാരണം, തമിഴ്നാട്ടിലെ ജനവിധി അട്ടിമറിക്കുന്നതിനാകും എന്നാൽ നമ്മൾ കൂട്ടുനിൽക്കേണ്ടി വരിക. മാത്രമല്ല, എഐഎഡിഎംകെയുമായി ചേർന്ന് സഖ്യമുണ്ടാക്കിയാൽ അതിൽ ബിജെപിയുടെ ഹസ്തമുണ്ടാകും. തമിഴ്നാട്ടിലെ അനിശ്ചിതത്വത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ കള്ളക്കളിക്ക് മുതിരുന്ന ബിജെപിയുടെയും ഗവർണറുടെയും ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതോടൊപ്പം തന്നെ ജനവിധി അട്ടിമറിക്കപ്പെടുന്നില്ല എന്നുള്ള കാര്യവും ഉറപ്പുവരുത്തുക എന്നതാണ് ഈ ഒരു തീരുമാനത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം', ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home