തൃശൂരിലെ ബിജെപി വ്യാജവോട്ട്: സമഗ്ര അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ

തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിൽ വ്യാപകമായി വ്യാജ വോട്ട് ചേർത്തതിൻ്റെ രാഷ്ട്രീയ ഉത്തരവാദിത്തം ബിജെപിക്കാണെന്നും അതിന് അവർ തന്നെയാണ് ഉത്തരം പറയേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസ്- ബിജെപി നേതാക്കളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ബന്ധുക്കളും ഉൾപ്പടെയാണ് കള്ളവോട്ട് ചേർത്തിട്ടുള്ളത്. ഇതേക്കുറിച്ച് സുരേഷ് ഗോപി ഒന്നും പ്രതികരിക്കാതെ മൗനത്തിലാണ്. ഇത് രാഷ്ട്രീയ ആരോപണം മാത്രമല്ല, ഗൗരവമുള്ള വിഷയമാണ്. അത് പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്. സമഗ്രമായ അന്വേഷണം വേണം. അതിൽ മുൻകൂട്ടി വിധി പറയുന്നില്ല. അവരുടെ പരിശോധനയിൽ വീഴ്ചയുണ്ടെങ്കിൽ നോക്കാമെന്നും തളിപ്പറമ്പിൽ എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെറ്റ് ചൂണ്ടിക്കാണിച്ചതിന് ഭീഷണിപ്പെടുത്തലുമായി ആരും വരേണ്ടതില്ല. സിപിഐ എമ്മിനെ തെരുവിൽ നേരിടുമൊന്നൊക്കെ പറഞ്ഞാൽ ഭയപ്പെട്ടു പോകുന്നവരല്ല ഞങ്ങളാരുമെന്നും ജനാധിപത്യരീതിയിൽ സമരം നടത്തുന്നതിന് ആരും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അവസരവാദ നിലപാട് സ്വീകരിച്ചവരെയാണ് അവസരവാദി എന്നു വിളിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു. അത് ശരിയായ നിലപാടാണ്. ആഭ്യന്തര ശത്രുക്കളായി ബിജെപി കാണുന്നത് കമ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നിവരെയാണ്. ഈ മൂന്നുകൂട്ടരും ഇന്ത്യ വിട്ടുപോകണം എന്നതാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാറിൻ്റെ നിലപാട്. ഇതാണ് അടിസ്ഥാന പ്രശ്നം. ചില ബിഷപ്പുമാർക്ക് സംഘപരിവാറിന്‍റെ ഈ അജണ്ട മനസ്സിലാകുന്നില്ല. അവർക്ക് ഫാസിസ്റ്റുകളെ എതിർക്കാൻ മനസില്ല.
കന്യാസ്ത്രീകൾക്കെതിരായ കേസിൽ ജാമ്യം കിട്ടുന്നതുവരെ ഒരു നിലപാടും ജാമ്യം കിട്ടിയാൽ മറ്റൊന്നും എന്നതു അവസരവാദ നിലപാടാണ്. ഇത്തരത്തിൽ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ചവരെ നിലപാട് അനുസരിച്ച് തന്നെയാണ് വിമർശിച്ചത്. അല്ലാതെ സഭാ നേതൃത്വത്തെ ഒന്നടങ്കം വിമർശിച്ചിട്ടില്ല. ക്രിസ്തീയ സഭകളുമായി ഒരു പ്രശ്നവും സിപിഐ എമ്മിനില്ല. ആർഎസ്എസ് സഭകളെ ദയപ്പെടുത്തുകയാണ്. എന്നാൽ ഇത് സിപിഐ എമ്മും ബിജെപിയും ഒരു പോലെയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.








0 comments