കോങ്ങാട്ടും മലമ്പുഴയിലും വോട്ടുമറിക്കും; കോൺഗ്രസ്- ബിജെപി ധാരണ

വേണു കെ ആലത്തൂർ
Published on Mar 13, 2026, 09:43 AM | 1 min read
പാലക്കാട്: യുഡിഎഫ് ധാരണ പ്രകാരം ലീഗിന് നൽകിയിരുന്ന കോങ്ങാട് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തതിന് പിന്നിൽ ബിജെപിയുമായുള്ള ഒത്തുകളിയെന്ന് വിമർശം. മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് ദുർബല സ്ഥാനാർഥിയെ നിർത്തി ബിജെപിക്ക് വോട്ട് മറിക്കും. പകരം കോങ്ങാട്ട് ബിജെപി വോട്ട് കോൺഗ്രസിനും മറിക്കും. വി കെ ശ്രീകണ്‌ഠൻ എംപിയുടെ ഭാര്യ കെ എ തുളസിയാണ് കോങ്ങാട് യുഡിഎഫ് സ്ഥാനാർഥിയാകുക.
കോൺഗ്രസിന് സീറ്റ് അടിയറവച്ചതിൽ ലീഗിലും അമർഷമുണ്ട്. പകരം പട്ടാമ്പി സീറ്റ് ലീഗിന് നൽകുമെന്നാണ് വാഗ്‌ദാനം. ശ്രീകണ്‌ഠന്റെ ഭാര്യക്ക് സീറ്റ് നൽകിയാൽ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ നിർദേശിക്കുന്നയാളെ സ്ഥാനാർഥിയാക്കാമെന്നാണ് ഷാഫി – ശ്രീകണ്‌ഠൻ ധാരണ.
2011 ൽ യുഡിഎഫ് രണ്ടാം സ്ഥാനത്തുവന്ന മലമ്പുഴയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് മൂന്നാമതായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാറാണ് ഇവിടെ രണ്ട് തവണയും മത്സരിച്ചത്.
ഇത്തവണയും കൃഷ്‌ണകുമാർ തന്നെയാണ് സ്ഥാനാർഥി. ദുർബല സ്ഥാനാർഥികളെ നിർത്തി മലമ്പുഴയിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിക്കുന്നതായി ഷാഫിക്കെതിരെ നേരത്തേ പരാതി ഉയർന്നിരുന്നു. സി കൃഷ്‌ണകുമാറും ഷാഫിയും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ബിജെപി നേതാക്കൾ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഷാഫി പറമ്പിൽ വടകരയിൽനിന്ന് പാർലമെന്റിലേക്ക് ജയിച്ചതോടെ ഒഴിഞ്ഞ പാലക്കാട് നിയമസഭ സീറ്റിൽ തന്റെ നോമിനിയായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവന്നു. എന്നാൽ ബലാൽസംഗ കേസുകളിൽ പെട്ടതോടെ നാണം കെട്ട് ഇയാൾ മുങ്ങി. ഇപ്പോൾ സിനിമാ താരം രമേഷ് പിഷാരടിയെയാണ് പാലക്കാട് സ്ഥാനാർഥിയായി ഷാഫി നിർദ്ദേശിച്ചത്. ഇതോടെ ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ അമർഷത്തിലാണ്. പാലക്കാട്, തവനൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് സന്ദീപ് വാര്യർക്ക് സ്ഥാനാർഥിത്വം ഉറപ്പ് നൽകിയത്. ഇൗ മൂന്ന് സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികളെകുറിച്ച് അന്തിമധാരണയായി. പാലക്കാട് രമേഷ് പിഷാരടിയെ കൊണ്ടുവരുന്നതിലും കോൺഗ്രസിൽ പ്രതിഷേധമുണ്ട്. ഷാഫിയുടെ നോമിനിയെ ചുമന്ന് ഒരുതവണ കൂടി നാണം കെടാൻ വയ്യ എന്നാണ് കോൺഗ്രസിലെ അഭിപ്രായം.










0 comments