print edition പക്ഷിപ്പനി ജാഗ്രത; 6500ഓളം വളർത്തുപക്ഷികളെ നശിപ്പിക്കും


സ്വന്തം ലേഖകൻ
Published on Apr 13, 2026, 12:01 AM | 2 min read
കോട്ടയം : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ 16ന് വളർത്തുപക്ഷികളെ കൂട്ടത്തോടെ ശാസ്ത്രീയമായി കൊന്നൊടുക്കും(കള്ളിങ്). വൈക്കം താലൂക്കിലെ ഉദയനാപുരം പഞ്ചായത്തിൽ പതിനാറാം വാർഡിലാണ് പക്ഷിപ്പനി(എച്ച്5 എൻ 1) സ്ഥിരീകരിച്ചത്. പുത്തൻകരിയിൽ പി ഡി ജോണിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 1200ഓളം കോഴികൾ ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കള്ളിങ് നടത്തുക. സമീപത്തെ മറ്റ് മൂന്ന് ഫാമുകളിലെ 6500 ഓളം വളർത്തുപക്ഷികളെയാണ് കൂട്ടത്തോടെ നശിപ്പിക്കുക. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി കെ മനോജ് കുമാർ പറഞ്ഞു. പക്ഷികളിൽ അസ്വാഭാവിക കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കണം.
അസ്വാഭാവികമായി മരിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ മേഖല
രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്തിനുപുറമേ 10 കിലോമീറ്റർ പരിധിയിലുള്ള വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടിവി പുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ തദ്ദേശഭരണ സ്ഥാപനമേഖലകളിലും താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ എന്നിവയുടെ മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതും വിൽക്കുന്നതും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും മൂന്ന് ദിവസത്തേക്ക് നിരോധിച്ചു.
വളർത്തുപക്ഷികൾ, മുട്ട, ഇറച്ചി, വളം എന്നിവ നിരീക്ഷണ മേഖലക്ക് പുറത്തേക്കോ പുറത്തുനിന്ന് അകത്തേക്കോ കൊണ്ടുവരുന്നത് മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. അടുത്തിടെ ആലപ്പുഴ മുഹമ്മ പഞ്ചായത്തിലെ ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടെ ആറായിരം വളർത്തുപക്ഷികളെ കൊന്ന് നശിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ കോട്ടയം നഗരസഭാ പരിധിയിലെ 37, 38 വാർഡുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
വില്ലനാകുന്നത് ദേശാടനപക്ഷികൾ
ചതുപ്പുനിലങ്ങളിലും പാടങ്ങളിലുമെത്തുന്ന ദേശാടന പക്ഷികളുടെ കാഷ്ഠത്തിലൂടെയാണ് പക്ഷിപ്പനി വൈറസ് വളർത്തുപക്ഷികളിലേക്ക് പടരുന്നതെന്നാണ് നിഗമനം.
ദേശാടനപക്ഷികളിലെ വൈറസുകൾക്ക് വകഭേദം വരുന്നുണ്ടോ എന്നറിയാൻ ഭോപാൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റുകൾ ഫ്രെബ്രുവരിയിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു.










0 comments