എട്ട് അവയവം ദാനംചെയ്‌തു
അമരനായി ബിൽജിത്ത് ; ഹൃദയമിടിപ്പ് ഏറ്റുവാങ്ങി 13കാരി

കൊച്ചി
വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച നെടുന്പാശേരി മള്ളുശേരി പാലമറ്റംവീട്ടിൽ ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയം കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുന്നിച്ചേർത്തു. എറണാകുളം ലിസി ആശുപത്രിയിൽ അഞ്ചുമണിക്കൂറോളം നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് ഹൃദയമാറ്റം പൂർത്തിയാക്കിയത്. ശനി പുലർച്ചെ വിജയകരമായി പര്യവസാനിച്ച ശസ്‌ത്രക്രിയക്ക് ഡോ. ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നൽകി. ഹൃദയം കൂടാതെ ഏഴ് അവയവങ്ങൾകൂടി പലർക്കായി മരണാനന്തരം ദാനംചെയ്‌തു.
ഹൃദയം വേർപെടുത്തുന്ന ശസ്‌ത്രക്രിയ വെള്ളി രാത്രി വൈകിയാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ആരംഭിച്ചത്. വേർപെടുത്തിയ അവയവവുമായി ആംബുലൻസ് ശനി പുലർച്ചെ ഒന്നോടെ ലിസിയിലേക്ക് പുറപ്പെട്ടു. 20 മിനിട്ടിനുള്ളിൽ ലിസിയിൽ ഹൃദയമെത്തി. അഞ്ചുമിനിട്ടിൽ ശസ്‌ത്രക്രിയ തുടങ്ങി. 3.30ന് ഹൃദയം കുട്ടിയിൽ സ്പന്ദിച്ചുതുടങ്ങിയെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പിന്നീട് കുറിച്ചു. 6.30ന് ശസ്‌ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ പോലെതന്നെ പ്രധാനപ്പെട്ടതാണ് തുടർന്നുള്ള 48 മണിക്കൂർ എന്നതിനാൽ സ്വീകർത്താവ് വിദഗ്‌ധ നിരീക്ഷണത്തിലാണ്.
ഹൃദയം സ്വീകരിച്ച പതിമൂന്നുകാരി വെള്ളി രാത്രി ഏഴോടെ കൊല്ലത്തുനിന്ന് വന്ദേഭാരത് ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. റെയിൽവേ സ്‌റ്റേഷനിൽനിന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. കാർഡിയാക് മയോപ്പതി രോഗംമൂലം ഹൃദയം ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയിലായിരുന്നു.
കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ബിൽജിത്ത്. രണ്ടിന് രാത്രി കരിയാട് ദേശീയപാതയിൽ ബിൽജിത്തിന്റെ ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു. ചികിത്സയിലിരിക്കെ 12ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സമ്മതത്തോടെ ഹൃദയം കൂടാതെ, വൃക്ക, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് നേത്രപടലങ്ങൾ എന്നിവയും ദാനംചെയ്തു. ഒരു വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിനും മറ്റൊന്ന് ആലുവ രാജഗിരി ആശുപത്രിക്കും കരളും ചെറുകുടലും പാൻക്രിയാസും എറണാകുളം അമൃത ആശുപത്രിക്കും രണ്ട് നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കുമാണ് നൽകിയത്.
തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ബിൽജിത്തിന്റെ സംസ്‌കാരം ശനി വൈകിട്ട് നെടുന്പാശേരി മള്ളുശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടന്നു. ബിജു പാലമറ്റം, ലിന്റ എന്നിവരാണ് ബിൽജിത്തിന്റെ മാതാപിതാക്കൾ. സഹോദരൻ: ബിവൽ (ഒമ്പതാം ക്ലാസ് വിദ്യാർഥി).
ഹൃദയവേദനയോടെ യാത്രയാക്കി നാട്
ജീവൻ രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങി ഏഴുപേർക്ക് ജീവിതമേകിയ ബിൽജിത്തിനെ അന്ത്യയാത്രയാക്കാൻ മള്ളുശേരി ഗ്രാമം വീണ്ടും ഒത്തുചേർന്നു. ബിൽജിത്തിന്റെ ചികിത്സയ്‌ക്ക് കൂടുതൽ പണം കണ്ടെത്താൻ ശനിയാഴ്‌ച ബിരിയാണി ചലഞ്ചിന് തീരുമാനിച്ചിരുന്നു. നാടിന്റെ ഇൗ സ്‌നേഹവായ്‌പുകൾക്ക് കാത്തുനിൽക്കാതെയായിരുന്നു ബിൽജിത്തിന്റെ മടക്കം.
അവയവദാനത്തിനു പിന്നാലെ അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം പകൽ 2.30 ഓടെ നെടുമ്പാശേരി മള്ളുശേരി പാലമറ്റം വീട്ടിൽ എത്തിച്ചത്. വൈകിട്ട് നാലിന് മള്ളുശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.
കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ സഹപാഠികൾ, അധ്യാപകർ, ജനപ്രതിനിധികൾ അടക്കം നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു.









0 comments