നേപ്പാൾ: ഭോട്ടെ കോസി തീരങ്ങൾ അപകടസാധ്യതാ മേഖല; ദുരന്തത്തിൽ നടുങ്ങി ഗായത്രി

തിരുവനന്തപുരം: മിന്നൽപ്രളയത്തെ തുടർന്ന് കരകവിഞ്ഞൊഴുകിയ ബോട്ടെ കോസി നദിയുടെ തീരങ്ങളും പരിസരവും അപകടസാധ്യത നിറഞ്ഞ പ്രദേശങ്ങളാണെന്ന് പ്രമുഖ ടൂർ ഓപ്പറേറ്ററായ വിവേകാനന്ദ ട്രാവൽസിന്റെ ഓപ്പറേഷൻസ് വിഭാഗം മേധാവി ഗായത്രി നരേന്ദ്രൻ പറഞ്ഞു. ഇൗ ഭാഗങ്ങളിൽ മണ്ണിടിച്ചിലാണ് പ്രധാന ഭീഷണിയെന്നും പ്രളയം അപൂർവ്വമാണെന്നും നിരവധി തവണ ഇവിടെ പോയിട്ടുള്ള ഗായത്രി ചൂണ്ടിക്കാട്ടുന്നു.
അപകട സാധ്യത കാരണം നേപ്പാൾ അതിർത്തിയിൽ നിന്ന് രാവിലെ പോയി വൈകീട്ട് മടങ്ങിവരുന്ന രീതിയിലാണ് ടൂർ ഓപ്പറേറ്റർമാരുടെ സംഘങ്ങൾ യാത്ര ക്രമീകരിക്കാറുള്ളത്. ജൂലൈ അവസാന വാരം വിവേകാനന്ദയുടെ ഇവിടേക്ക് പോയിരുന്നു. ആ ഗ്രൂപ്പിൽ 32 പേരാണ് ഉണ്ടായിരുന്നത്. അന്ന് മണ്ണിടിച്ചിലും മറ്റും കാരണം രാത്രി വൈകിയാണ് അതിർത്തിയിൽ തിരിച്ചെത്താൻ കഴിഞ്ഞത്. നേപ്പാൾ ഭാഗത്ത് റോഡുകളും മറ്റു യാത്രാസൗകര്യങ്ങളും വളരെ മോശവുമാണ്. ഇൗ ഭാഗത്ത് ഇപ്പോൾ നിരവധി അടിസ്ഥാന സൗകര്യ പ്രവൃത്തികൾ നടന്നുവരുന്നുണ്ട്. മലകൾ തുരന്നും മറ്റുമാണിത് നടക്കുന്നത്. അതുകൊണ്ട് തന്നെ അടുത്തിടെ മണ്ണിടിച്ചിലും മറ്റും വർദ്ധിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള മാനസസരോവർ, കൈലാസം യാത്രികർ പ്രധാനമായും പോകുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. നിലവിൽ കേരളത്തിൽനിന്നുള്ള ടൂർ ഓപ്പറേറ്റർമാരുടെ ഗ്രൂപ്പുകളൊന്നും ദുരന്തഭൂമിയിൽ ഉണ്ടായിരുന്നില്ലെന്നും ഗായത്രി വ്യക്തമാക്കി. ഇൗ മേഖലയിൽ ഇപ്പോൾ മഴക്കാലമായതിനാലാണ് ടൂർ ഓപ്പറേറ്റർമാർ യാത്ര ഒഴിവാക്കുന്നത്. എന്നാൽ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും പോയ മലയാളികളാണ് അപകടത്തിൽപ്പെട്ടതും പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നതും. ഗ്രൂപ്പുകളായി അല്ലാതെ പോയവരും ഉണ്ടാകും.
നേപ്പാൾ– തിബറ്റ് അതിർത്തിയിൽ തിബറ്റിന്റെ ഭാഗത്തെ ഗിറോങ്ങിലുള്ള എമിഗ്രേഷൻ ഓഫീസിൽ നിന്ന് ആവശ്യമായ രേഖകൾ ശേഖരിച്ചാണ് ഓരോ സംഘവും അതിർത്തി കടക്കുക. ബോട്ടെ കോസി നദീതീരത്തുള്ള ഇൗ ഓഫീസ് കെട്ടിടത്തെയും പരിസരത്തെയും പൂർണ്ണമായും പ്രളയം വിഴുങ്ങുന്ന വീഡിയോ കണ്ടപ്പോൾ നടുങ്ങിപ്പോയി. രാവിലെ 10 മണിയോടെ തുറക്കുന്ന എമിഗ്രേഷൻ ഓഫീസിലേക്കും പരിസരത്തും നിരവധി യാത്രക്കാർ വന്നുചേർന്ന സമയത്താണ് പ്രളയജലം കുതിച്ചെത്തിയത്. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ കാരണം അവിടെ നിന്ന് രക്ഷപ്പെടുക ദുഷ്‌കരമാണ്. ജൂലൈയിൽ പോയ വിവേകാനന്ദയുടെ ഗ്രൂപ്പ് ഇവിടെയാണ് താമസിച്ചത്. നേപ്പാൾ കസ്‌റ്റംസ്, പൊലീസ് ഓഫീസുകളും ഇവിടെയുണ്ട്. ഇവിടെ അടുത്തുള്ള അതിർത്തിപാലവും പ്രളയജലം തകർത്തെറിഞ്ഞതായാണ് വിവരം.
ഇൗ ഭാഗത്ത് തദ്ദേശിയരുടെ താമസം കുറവാണ്. ഇതിനു താഴെയുള്ള നദീതീര ഗ്രാമങ്ങളെയാണ് പ്രളയം വിഴുങ്ങിയത്. കൂടുതൽ പേർക്ക് ജീവൻ നഷ്‌ടമായതും നാശനഷ്‌ടങ്ങളും ഇൗ ഭാഗത്താകാനാണ് സാധ്യത. കുടങ്ങിക്കിടക്കുന്നവർക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ട്. ഇൗ മേഖലയിൽ ചെറുവിമാന സർവീസും നിരവധി എയർസ്‌ട്രിപ്പുകളുമുണ്ട്. ഇൗ ചെറുവിമാനങ്ങളിൽ 10 –20 പേർക്ക് സഞ്ചരിക്കാം. പ്രളയം ബാധിക്കാത്ത പ്രദേശങ്ങളിലെ റോഡുകളും പുറത്തുകടക്കാൻ സഹായകമാണ്. ഉത്തർപ്രദേശിലേക്ക് എത്തുകയാണ് എളുപ്പം.
ഇവിടെ എത്തുന്ന യാത്രക്കാരിൽ 60 ശതമാനത്തോളം ഇന്ത്യക്കാരാണ്. ബാക്കി വരുന്ന 40 ശതമാനത്തിൽ ബഹുഭൂരിപക്ഷവും വിദേശ ഇന്ത്യക്കാരുമായിരിക്കും. വിദേശികളുമുണ്ടാകും. ഓരോ ഗ്രൂപ്പിനുമൊപ്പം അഞ്ചു മുതൽ 10 വരെ തദ്ദേശിയരായ ഷേർപ്പകളുണ്ടാകും. അവിടെ ഞങ്ങളെ സഹായിച്ചിരുന്ന തദ്ദേശിയരെ പ്രളയത്തിനു ശേഷം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഇൗ ഭാഗത്ത് കാര്യങ്ങൾ പഴയനിലയിലാകാൻ ഏറെ സമയമെടുക്കുമെന്നും ഗായത്രി പറഞ്ഞു.










0 comments