print edition മദ്യത്തിന് പേരും ലോഗോയും ക്ഷണിക്കൽ ; അബ്‌കാരി നിയമലംഘനമില്ലെന്ന് എക്‌സൈസ് കമീഷണർ

കൊച്ചി
ബിവറേജസ് കോർപറേഷൻ പുതുതായി വിപണിയിലിറക്കുന്ന മദ്യത്തിന് ജനങ്ങളിൽനിന്ന് പേരും ലോഗോയും ക്ഷണിച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് എക്സൈസ് കമീഷണർ എം ആർ അജിത്കുമാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള ലഹരി ഉൽപ്പന്നത്തിന്റെ ഉപഭോഗമോ വിൽപനയോ പ്രോത്സാഹിപ്പിച്ച് പരസ്യം നൽകുന്നതാണ് അബ്കാരി ആക്ട് പ്രകാരം കുറ്റകരമാവുക. പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസ് ഈ പരസ്യം നൽകുമ്പോൾ പുതിയ ബ്രാൻഡിനുള്ള ലൈസൻസ് പോലും നൽകിയിരുന്നില്ലെന്നും ബോധിപ്പിച്ചു.
ആരോപിക്കപ്പെടുന്ന പരസ്യത്തിൽ പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദർശിപ്പിച്ചിട്ടില്ല. ഒരു ഉൽപ്പന്നത്തിന് പേരും ലോഗോയും കണ്ടെത്തുന്ന പരസ്യം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. പ്രചാരണ നടപടികളുമായി ബന്ധമില്ലെന്ന് ബിവറേജസ് കോർപറേഷൻ നേരത്തേ വിശദീകരിച്ചിരുന്നു.
മദ്യ ഉപയോഗത്തിന് പ്രേരണയാകുമെന്ന് ചൂണ്ടിക്കാട്ടി മലബാർ ഡിസ്റ്റലറീസിന്റെ നടപടി ഹൈക്കോടതി കഴിഞ്ഞദിവസം സ്‌റ്റേ ചെയ്തിരുന്നു. ചട്ടലംഘനവും കൃത്യവിലോപവും പ്രതിഫലിപ്പിക്കുന്നതാണ് സത്യവാങ്മൂലത്തിലെ വിവരങ്ങളെന്ന് ഹർജിക്കാരിൽ ഒരാളായ എം എം സഞ്ജീവ് കുമാർ ആരോപിച്ചു. ഹർജി അടിസ്ഥാനരഹിതമാണെന്നും തള്ളണമെന്നും എക്സെെസ് കമീഷണർ ആവശ്യപ്പെട്ടു.










0 comments