print edition പുരുഷാധിപത്യം വീടുകളിൽ മാത്രം ഒതുങ്ങുന്നതല്ല : ബാനു മുഷ്താഖ്

തിരുവനന്തപുരം
പുരുഷാധിപത്യം വീടിനുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പൊലീസ് സ്റ്റേഷൻ, കോടതി, നയതന്ത്ര മേഖല തുടങ്ങി എല്ലാ തലങ്ങളിലും പടർന്നുപന്തലിച്ചു കിടക്കുകയാണെന്നും എഴുത്തുകാരിയും ആക്ടിവിസ്റ്റും അന്താരാഷ്‌ട്ര ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ്. ദൈവം, മതം, ആചാരം, സംസ്കാരം എന്നിവയുടെ പേരിൽ സ്ത്രീകൾ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീകളെ ചോദ്യം ചെയ്യാനാകാത്ത അനുസരണയിലേക്ക് തള്ളിവിടാൻ മതം ഉപാധിയായി ഉപയോഗിക്കപ്പെടുകയാണ്. അതിനാൽ സ്ത്രീ വീടുവിട്ടിറങ്ങിയതുകൊണ്ടുമാത്രം സമ്പൂർണ മോചനം സാധ്യമാകില്ലെന്നും അവർ പറഞ്ഞു. കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെഷനിൽ സംസാരിക്കുകയായിരുന്നു ബാനു മുഷ്താഖ്.
തന്റെ കഥകളിലെ സ്ത്രീകൾ പ്രശ്നങ്ങളിൽ തളർന്നു കരയുന്നവരല്ല. പുരുഷകേന്ദ്രീകൃത സാഹിത്യം സ്ത്രീകളെ അസൂയയുടെയും ദുർഗുണങ്ങളുടെയും പ്രതീകങ്ങളായാണ് അടയാളപ്പെടുത്തിയത്. പുരുഷന്റെ അനീതികൾ സ്ത്രീകൾ സഹിക്കണമെന്നതാണ് പൊതുസമൂഹത്തിന്റെ നിലപാട്. തന്റെ കഥാപാത്രങ്ങൾ ഇത്തരം ഏറ്റുമുട്ടലുകൾ ഒഴിവാക്കി ജയപരാജയങ്ങളില്ലാത്ത സമവായത്തിന് ശ്രമിക്കുന്നവരാണ്.
പീഡനങ്ങളിൽനിന്നും കയ്‌പേറിയ അനുഭവങ്ങളിൽനിന്നുമാണ് കഥാപാത്രങ്ങൾ സാമൂഹ്യബോധം ആർജ്ജിക്കുന്നത്. അവർ വീടുവിട്ടു പോകാൻ ആഗ്രഹിക്കുന്നവരല്ല, മറിച്ച് കുടുംബത്തിനുള്ളിൽ തന്നെ ജീവിതം മെച്ചപ്പെടുത്താൻ പോരാടുന്നവരാണ്. കഥകളിൽ ലളിതമായ ഭാഷ ഉപയോഗിക്കുന്നത് ബോധപൂർവമായ തീരുമാനമാണ്. എല്ലാ തലത്തിലുള്ള ജനങ്ങൾക്കും സാഹിത്യവുമായി സംവദിക്കാനാകണം. പല സ്ത്രീ കഥാപാത്രങ്ങളും തുറന്നു സംസാരിക്കുന്നവരാണ്. അതിനൊപ്പം അവർക്ക് ചിന്താപരമായ വ്യക്തതയുണ്ടെന്നും ബാനു പറഞ്ഞു.










0 comments