വ്യാജരേഖയിൽ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി ബേപ്പൂരിൽ പിടിയിൽ

ഫറോക്ക്: ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ബംഗാളിലെത്തി അവിടെ നിന്ന് വ്യാജ ആധാർ കാർഡ് തരപ്പെടുത്തി കേരളത്തിലെത്തിയവരിൽ ഒരാൾ ബേപ്പൂരിൽ പിടിയിൽ. ബംഗ്ലാദേശിലെ ധാക്ക ജില്ലയിലെ ഗുട്ടാസാര സ്വദേശി നേപ്പാൾ ദാസ് (23) ആണ് ബേപ്പൂർ ഫിഷിങ് ഹാർബറിൽ പിടിയിലായത്. ഇയാളെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി കൊല്ലം ശക്തികുളങ്ങര പൊലീസ് ബംഗ്ലാദേശ് സ്വദേശിയായ പരുമൽദാസ് (21), ഇയാളെ കൊല്ലത്തെത്തിച്ച് ബോട്ടിൽ ജോലി നൽകാൻ സഹായിച്ച തപൻദാസ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ബേപ്പൂരിൽ ബോട്ടിൽ ജോലിചെയ്തുകൊണ്ടിരുന്ന നേപ്പാൾ ദാസ് പിടിയിലായത്.
ബംഗാളിലെ 24 പർഗാന ജില്ലയിലെ കലിങ്ങനഗർ, കളികപൂർ, ജയൽദാസ് മകൻ നേപ്പാൾ ദാസ് (19) എന്ന വിലാസത്തിലാണ് രണ്ടുമാസമായി ബേപ്പൂരിൽ കഴിഞ്ഞിരുന്നതെന്ന് തെളിഞ്ഞു. കൊൽക്കത്തയിൽനിന്ന് ഈ വിലാസത്തിൽ ആധാർ കാർഡ് ഓനോബ് എന്നയാൾ തരപ്പെടുത്തിക്കൊടുത്തതാണ് എന്നും യുവാവ് സമ്മതിച്ചു. ബംഗ്ലാദേശിൽനിന്ന് ഉരു മാർഗം ബംഗാളിലേക്ക് കടന്ന പതിനൊന്നംഗ സംഘത്തിലുൾപ്പെട്ടതാണ് നേപ്പാൾ ദാസ്. എട്ടുപേരും ബംഗ്ലാദേശിലേക്ക് തിരിച്ചുപോയെന്നും മൂന്നുപേരാണ് ഇന്ത്യയിൽ തങ്ങിയതെന്നും പറയുന്നു. ബേപ്പൂരിൽ "ഖമർദീൻ’ എന്ന ബോട്ടിലാണ് ജോലിചെയ്തിരുന്നത്. നാട്ടിലുള്ള അച്ഛന്റെ സഹോദരി ദശമി ദാസിന്റെ പേരിൽ ഒരു ലക്ഷത്തോളം രൂപ അയച്ചതിന്റെ രേഖയും പൊലീസിന് ലഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.










0 comments