ഇത് 'കരുതൽ' തടവ്; വിലക്ക് നീങ്ങി, ഉമ്മയ്ക്കരികിലെത്തി ഹാനി ബാബു

തൃശൂർ: ഭീമ-കൊറേഗാവ് കേസിൽ അഞ്ചുവർഷത്തെ ജയിൽവാസത്തിന് ശേഷം ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ഹാനി ബാബു (59) ജന്മനാടായ തൃശൂരിലെത്തി. 2025 ഡിസംബറിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇപ്പോഴാണ് നാട്ടിലെത്താൻ അനുമതി ലഭിച്ചത്. തുടർന്ന് ഉമ്മ ഫാത്തിമയെ കാണാൻ ഓടിയെത്തിയതാണ് പ്രൊഫ. ഹാനി ബാബു. ഭാര്യ ജെനി റൊവാനയ്ക്കും മകൾ ഫർസാനയ്ക്കുമൊപ്പം രണ്ടാഴ്ച അദ്ദേഹം തൃശൂരിൽ ചെലവഴിക്കും.
ജയിൽവാസത്തിനിടയിൽ ഉമ്മ ഫാത്തിമ അയച്ചിരുന്ന കത്തുകൾ വലിയ ആശ്വാസമായിരുന്നുവെന്ന് ഹാനി ബാബു ഓർക്കുന്നു. താൻ ചെയ്തത് തെറ്റാണെന്ന് ഉമ്മ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്നും ഹാനി പറയുന്നു. നവി മുംബൈയിൽ സൗകര്യപ്രദമായ ഒരു വീട് ഒരുക്കി ഉമ്മയെ കൂടെ താമസിപ്പിക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
2020 ജുലൈ 28നാണ് യുഎപിഎ ചുമത്തി ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജി എൻ സായിബാബയെ പിന്തുണച്ചുവെന്നും എൻഐഎ ഹാനി ബാബുവിന് എതിരായി ഉന്നയിച്ചിരുന്നു.
2018 ജനുവരി 1-ന് മഹാരാഷ്ട്രയിലെ പുണെയിൽ, ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷിക ആഘോഷങ്ങൾക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളാണ് കേസിലേക്ക് നയിച്ചത്. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2017 ഡിസംബർ 31-ന് പുണെയിൽ നടന്ന 'എൽഗാർ പരിഷത്ത്' എന്ന ദലിത് സമ്മേളനത്തിൽ നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ സംഘർഷത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വാദം. ഈ സമ്മേളനത്തിന് പിന്നിൽ നിരോധിത മാവോയിസ്റ്റ് സംഘടനകളുടെ സഹായമുണ്ടെന്നും ഇതിൽ പങ്കെടുത്തവർക്ക് രാജ്യവിരുദ്ധ ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.










0 comments