ബക്രീദ് അവധി വിവാദം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പ് ശ്രമം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ബക്രീദ് അവധിയിൽ വിവാദമുയർത്തി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ല. മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണത്. ജൂൺ 5,6 തിയതികളിലാണ് പെരുന്നാൾ എന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം. പിന്നീട് 7ലേക്ക് മാറിയപ്പോൾ അവധി നൽകുന്നതിനെക്കുറിച്ച് ആലോചിക്കാനുള്ള സമയം മാത്രമാണെടുത്തത്. ചെറിയ കാര്യങ്ങളിൽ പോലും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് ശ്രമിക്കുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച വിഷയത്തിലും മന്ത്രി പ്രതികരിച്ചു. രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന സ്ഥലമാണ് ഗവർണറുടെ വീടും ഓഫീസും. രാജ്ഭവൻ എല്ലാവരുടേയും സ്വതന്ത്ര ഭരണസിരാകേന്ദ്രമാണ്. ഇതൊക്കെ അറിയാവുന്ന ആളെന്ന നിലയിൽ ഗവർണർ പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം കേരളത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രസ്താവന നടത്തി. അത് ജനാധിപത്യ മര്യാദയ്ക്ക് യോജിച്ചതല്ല. ഗവർണർ ആ നിലപാടിൽ നിന്നും പിന്മാറണമെന്നും വി ശിവൻകുട്ടി പറഞ്ഞു.










0 comments