ad
Deshabhimani

ബേബി ജോൺ തൊഴിലാളി പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച നേതാവ്: പിണറായി വിജയൻ

baby john pinarayi vijayan
വെബ് ഡെസ്ക്

Published on Sep 13, 2026, 06:55 PM | 1 min read

തിരുവനന്തപുരം : അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ് ബേബി ജോണിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐ എമ്മിനേയും തൊഴിലാളി പ്രസ്ഥാനങ്ങളേയും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച നേതാവിനെയാണ് ബേബി ജോണിന്റെ വിയോ​ഗത്തോടെ നഷ്ടമാകുന്നതെന്ന് പ്രതിപക്ഷനേതാവ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. സൈദ്ധാന്തിക തലത്തിലും പ്രായോഗിക രംഗത്തും ഒരുപോലെ കഴിവുതെളിയിച്ച നേതാവാണ് ബേബി ജോൺ. പാർടി വെല്ലുവിളി നേരിടുന്ന ഘട്ടങ്ങളിലെല്ലാം ശക്തമായ പ്രതിരോധം തീർക്കാൻ അദ്ദേഹം മുന്നിലെത്തിയിരുന്നു.


കെഎസ് വൈ എഫിലൂടെ യുവജന സംഘടനാ പ്രവർത്തനം ആരംഭിച്ച ബേബി ജോൺ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം വരെയുള്ള ചുമതലകളിൽ പ്രവർത്തിച്ചു. ട്രേഡ് യൂണിയൻ രംഗത്തും ഉജ്ജ്വലനായ സംഘാടകനായിരുന്നു. സംസ്ഥാന തലത്തിൽ ബീഡി, മത്സ്യ, ചെത്ത്, ചുമട്ടു തൊഴിലാളി സംഘടനകൾക്ക് നേതൃത്വം നൽകി. തദ്ദേശ ഭരണരംഗത്തും മികവ് തെളിയിച്ചു. സഹകാരിയായും തിളങ്ങി. സ്കൂൾ അധ്യാപകനായിരിക്കെയാണ് രാഷ്ട്രീയ പ്രവർത്തനത്തിനായി സമയം കണ്ടെത്തിയത്. പൊലീസ് നടപടികളെ തുടർന്ന് നിരന്തരം സസ്പെഷനും ശിക്ഷാ നടപടികൾക്കും ഇരയായപ്പോഴാണ് ജോലിയിൽ നിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയ പൊതുപ്രവർത്തനത്തിലേക്ക് വന്നത്.


മികച്ച വാഗ്മിയും പ്രഭാഷകനുമായിരുന്നു. സാംസ്കാരിക രംഗത്ത് അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് പ്രത്യക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കാതിരുന്ന വലിയൊരു ജനവിഭാഗത്തെ പാർടിയോട് അടുപ്പിക്കുന്നതിലും ചേർത്ത് നിർത്തുന്നതിലും ബേബിജോൺ നൽകിയ സംഭാവന എടുത്തു പറയേണ്ടതാണ്. അടിയന്തരാവസ്ഥക്കാലത്ത് രണ്ടരമാസം ജയിലിലായിരുന്ന അദ്ദേഹം അനീതികളോട് എന്നും കലഹിച്ചുകൊണ്ടിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ കരിങ്കൊടി കെട്ടാനുള്ള ശ്രമത്തിനിടയിൽ പൊലീസ് തല്ലിച്ചതച്ചു. ഉജ്ജ്വലമായ സംഘടനാ ശേഷിയും ആശയ ദൃഢതയും കൈമുതലാക്കിയ നേതാവാണ് ബേബി ജോണിന്റെ വേർപാടിലൂടെ ഇല്ലാതായിരിക്കുന്നത്. കുടുംബാംഗങ്ങളേയും പാർടി പ്രവർത്തകരുടയും ദു:ഖത്തിൽ പങ്കു ചേരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home