ad
Deshabhimani

ബേബി ജോണിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോ​ഗത്തിന്റെ അനുശോചനം

baby john
വെബ് ഡെസ്ക്

Published on Sep 13, 2026, 10:28 PM | 1 min read

കോഴിക്കോട്: സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗമായിരുന്ന ബേബി ജോണിന്റെ നിര്യാണത്തിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. മണലൂർ തൈക്കാട്‌ ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952-ലാണ്‌ ജനനം. 1969 മുതൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ചു. 1971-ൽ പാർടി അംഗമായി. പാലുവായ്‌ ബ്രാഞ്ച്‌ സെക്രട്ടറി, തൈക്കാട്‌, ചാവക്കാട്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം 1984 മുതൽ 1997 വരെ ചാവക്കാട്‌ ഏരിയ സെക്രട്ടറിയായി. 1986-ൽ ജില്ലാ കമ്മിറ്റി അംഗവും 1997 മുതൽ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവുമായി. പാർടിയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായും, സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. സി.ഐ.ടി.യുവിന്റെ വിവിധ ഘടക സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്‌.


തൈക്കാട്‌ പഞ്ചായത്തിലെ ബ്ലാങ്ങാട്‌ പി.വി.എം എൽ.പി സ്‌കൂളിൽ 1971 മുതൽ അദ്ധ്യാപകനായിരുന്നു. പൊലീസ്‌ നടപടികളെ തുടർന്ന്‌ ഒന്നരക്കൊല്ലം സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടു. 1991-ൽ സർവീസിൽ നിന്ന്‌ സ്വയം വിരമിച്ച്‌ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ഒട്ടേറെ സമര പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ ബേബി ജോൺ അടിയന്തരാവസ്ഥയിൽ രണ്ടര മാസം ജയിലിലായി. അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ മർദ്ദനമേൽക്കുകയും, ഡി.ഐ.ആർ പ്രകാരം രണ്ടുതവണ അറസ്റ്റിലാവുകയും ചെയ്‌തു.


ചാവക്കാട്‌ നഗരസഭ നിലവിൽ വന്നപ്പോൾ 1980-85 കാലയളവിൽ കൗൺസിലറും ആദ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനുമായി. 1988-ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റായും കള്ള്‌ വ്യവസായ ക്ഷേമനിധി ബോർഡ്‌ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. ബേബി ജോണിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക്‌ ചേരുകയും, മരണത്തിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home