ആലപ്പുഴയിൽ ബൈക്കിന് പിന്നിൽ ബസ് ഇടിച്ചു; 10 വയസുകാരി മരിച്ചു

കായംകുളം: ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 10 വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണമംഗലം സ്വദേശി ശ്രീഭദ്രയാണ് മരിച്ചത്. രാത്രി 7.30 നും 8.00 നും ഇടയിൽ കായംകുളം പൊലീസ് സ്റ്റേഷൻ സമീപത്തുവെച്ചാണ് അപകടം നടന്നത്. അച്ഛൻ ശ്രീശാന്തിനൊപ്പമാണ് ശ്രീഭദ്ര സഞ്ചരിച്ചിരുന്നത്. അടൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഹരിശ്രീ എന്ന സ്വകാര്യ ബസ് ബൈക്കിന് പുറകിൽ വന്ന് ഇടിക്കുകയായിരുന്നു.
ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും ഇടിയുിടെ ആഘാതത്തിൽ തെറിച്ചു വീഴുകയും ഹെൽമെറ്റ് തകർന്ന് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ സാരമായി പരിക്കേറ്റ ശ്രീശാന്തിനെയും മകളെയും സമീപത്തെ താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ശ്രീഭദ്രയുടെ ജീവൻ രക്ഷിക്കാനായില്ല.
അമ്മ വീടായ മാവേലിക്കരയിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടമെന്നാണ് ലഭിക്കുന്ന വിവരം. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഇതിനു മുൻപും അപകടങ്ങൾ ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നാലാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീഭദ്ര.









0 comments