ad
Deshabhimani

print edition അയ്യപ്പസംഗമ ഓഡിറ്റ് റിപ്പോർട്ട്; കള്ളപ്രചാരണം

Global Ayyappa Sangamam
വെബ് ഡെസ്ക്

Published on Feb 15, 2026, 01:45 AM | 2 min read

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടക്കുന്നത്‌ വ്യാജപ്രചാരണമാണെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്‌പെഷൽ കമീഷണർ കോടതിയിൽ നൽകിയ റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന പരാമർശമില്ല. ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന എന്തും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടിൽവാങ്ങാൻ ഒരു ലക്ഷം ചെലവഴിച്ചെന്ന്‌ പ്രചരിപ്പിച്ചത്.


ഭജൻ അവതരിപ്പിക്കാനായി നന്ദഗോവിന്ദം ഭജൻസിനെ സമീപിച്ചെങ്കിലും മറ്റു പരിപാടികളുള്ളതിനാൽ പങ്കെടുക്കാനാവില്ല എന്നറിയിച്ചു. തുടർന്ന് ഇഷാൻ ദേവിനെ സമീപിച്ചു. എട്ടു ലക്ഷം രൂപയാണ് അതിന്‌ ചെലവായത്.

തൊഴിൽ വകുപ്പിന് കീഴിലുള്ള, കിഫ്ബി എംപാനൽ അംഗീകാരമുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യ‍ൂട്ട്‌ ഓഫ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ കൺസ്‌ട്രക്‌ഷനെ(ഐഐഐസി)യാണ്‌ ഇവന്റ് മാനേജ്മെന്റ് ഏജൻസിയായി നിയമിച്ചത്‌. സ്‌പോൺസർഷിപ്പ് തുക വൈകുന്നത് പരിപാടിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ അഞ്ചു കോടി രൂപ ധനലക്ഷ്‌മി ബാങ്കിലെ പ്രത്യേക സേവിങ്‌സ്‌ അക്കൗണ്ടിൽ നിക്ഷേപിച്ചു. ആ അക്കൗണ്ടിൽനിന്ന് മൂന്നു കോടി രൂപ ഐഐഐസിക്ക് അഡ്വാൻസ്‌ നൽകി. കൂടാതെ താമസസൗകര്യത്തിന്‌ ഹോട്ടലുകൾക്ക് 12,76,440 രൂപയും ജിഎസ്ടി ഇനത്തിൽ 15,25,424 രൂപയും നൽകി.


​​സ്‌പോൺസർഷിപ്പായി 
3 കോടി


വരവുചെലവ് കണക്കുകൾ അന്തിമമായിട്ടില്ല. ഇതുവരെ ലഭിച്ച സ്‌പോൺസർഷിപ്പ് തുക മൂന്ന് കോടി. ഈ തുക ഒക്‌ടോബർ 17ന്‌ ദേവസ്വം ബോർഡ് ജനറൽ ഫണ്ടിൽ നിക്ഷേപിച്ചു. അതിലൂടെ അഡ്വാൻസായി നൽകിയ കോർപ്പസ് ഫണ്ട് തിരിച്ചെത്തി.


അദാനി ഗ്രൂപ്പ്‌ ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പ്രത്യേക അക്കൗണ്ടിൽ പലിശ ഉൾപ്പെടെ 1,74,40,912 രൂപ ബാക്കിയുണ്ട്‌. ദേവസ്വം ഫണ്ടിൽനിന്നെടുത്ത തുക തിരികെ നിക്ഷേപിച്ചിട്ടില്ല എന്നത്‌ വസ്‌തുതാവിരുദ്ധമാണ്.


​ഭക്ഷണം നൽകിയത്‌ 
ഇരട്ടിയിലധികം പേർക്ക്‌


കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയതായി കണക്കുണ്ടാക്കി അനധികൃതമായി തുക എഴുതി എടുത്തുവെന്ന ആരോപണവും സത്യവിരുദ്ധം. അയ്യപ്പഭക്തർ, ദിവസവേതന തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങ്ങി ഭക്ഷണശാലയിലെത്തിയ എല്ലാവർക്കും ഭക്ഷണം നൽകി. കണക്കാക്കിയ സംഖ്യയുടെ ഇരട്ടിയിലധികം ആളുകൾക്കാണ്‌ ഭക്ഷണം നൽകിയത്‌.


കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോർട്ട് വിശദപരിശോധനയ്‌ക്കുമുമ്പ് സമർപ്പിക്കേണ്ടി വന്നത്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ന്യൂനത പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടർനടപടി സ്വീകരിക്കൂ– വാർത്താക്കുറിപ്പിൽ അറിയിച്ചു.


ഓഡിറ്റിങ്‌ സ്ഥാപനത്തിന്റെ നടപടിയിൽ ദുരൂഹത


തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയ സ്ഥാപനത്തിന്റെ നടപടികളിൽ ദുരൂഹത. കണക്കുകളിൽ അപാകം കണ്ടെത്തിയിട്ടും ബോർഡിന്റെ വിശദീകരണം ഉൾക്കൊള്ളിക്കാത്തതും കോടതിക്ക്‌ കൈമാറിയ ഓഡിറ്റ്‌ റിപ്പോർട്ട്‌ ഒരുവിഭാഗം മാധ്യമങ്ങൾക്ക്‌ ചോർത്തിനൽകിയതും ദുരുദ്ദേശ്യത്തോടെ. ഓഡിറ്റിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടുമില്ല.


വരവുചെലവ്‌ കണക്ക്‌ ബോർഡ്‌ യോഗത്തിൽ എത്തുംമുമ്പേ മാധ്യമങ്ങൾക്ക്‌ ചോർത്തി. ഉദ്യോഗസ്ഥർ തയ്യാറാക്കിയ കണക്കുകളിൽ തെറ്റ്‌ ബോധ്യപ്പെട്ടിട്ടും ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ്‌, അന്തിമമാകാത്ത ബില്ലുകൾ എന്നിവ വച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ബോർഡിനോട്‌ അന്വേഷിക്കാതെ റിപ്പോർട്ട്‌ സ്‌പെഷൽ കമീഷണർക്ക്‌ നൽകി. ഇത്‌ അന്തിമ റിപ്പോർട്ടായി സ്‌പെഷൽ കമീഷണർ കോടതിക്ക്‌ അയക്കുകയായിരുന്നു.


സംഗമത്തിൽ നന്ദഗോവിന്ദം ഭജൻസ്‌ പാടാൻ എത്തിയിട്ടില്ല. ഇവർക്ക്‌ തുക നൽകിയതായി വ‍ൗച്ചറുമില്ല. സംഗീതപരിപാടി അവതരിപ്പിച്ച ഇഷാൻ ദേവിന്റെ അക്ക‍ൗണ്ടിലേക്ക്‌ പണം കൈമാറിയിട്ടും റിപ്പോർട്ടിൽ നന്ദഗോവിന്ദം ഭജൻസിന്റെ പേരുവച്ചത്‌ ദുരൂഹം. രാഷ്‌ട്രപതിയും മറ്റും വരുമ്പോൾ ഉപയോഗിക്കുന്ന ഗസ്റ്റ് ഹൗസ് നവീകരിച്ചതിന് ചെലവാക്കിയ പണമാണ് മുഖ്യമന്ത്രിക്കുള്ള കട്ടിൽ എന്നാക്കി മാധ്യമങ്ങൾ വാർത്തയാക്കിയത്‌.


ശബരിമല സ്‌പെഷൽ കമീഷണർ നവംബർ ഏഴിന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്‌ ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയ മൂന്നുകോടിരൂപ തിരിച്ചുകിട്ടി എന്നാണ്‌. എന്നാൽ, ഇതേ സ്‌പെഷൽ കമീഷണർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത് ദേവസ്വം ബോർഡ് ജനറൽ ഫണ്ടിൽനിന്ന് നൽകിയ രണ്ടുകോടി രൂപ തിരികെ കിട്ടിയില്ലെന്നാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home