print edition ബിജെപി തോറ്റു; മാലിന്യം നീക്കാന്‍ സിപിഐ എം

പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും കോർപറേഷൻ മാലിന്യം നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐഎം സംസ്കൃത കോളേജിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ സെക്രട്ടറി എ എ റഹീം എത്തിയപ്പോൾ
സ്വന്തം ലേഖിക
Published on Mar 09, 2026, 12:00 AM | 1 min read
തിരുവനന്തപുരം : മാലിന്യനീക്കത്തില്‍ കോര്‍പറേഷന്‍ ബിജെപി ഭരണസമിതി അന്പേ പരാജയപ്പെട്ടപ്പോൾ ശുചീകരണം ഏറ്റെടുത്ത് സിപിഐ എം. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് അഞ്ചുദിവസമായിട്ടും ഫലപ്രദമായി മാലിന്യം നീക്കംചെയ്യാൻ കോർപറേഷന് കഴിയാത്തതിനെത്തുടർന്നാണ് സിപിഐ എം ഇടപെടല്‍. ആറ്റുകാല്‍ ഉത്സവപരിധിയിലെ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ശുചീകരണം. ഞായറാഴ്ച സംസ്കൃത കോളേജിനുള്ളിലാണ് ശുചീകരണം ആരംഭിച്ചത്.
‘പൊങ്കാലയ്ക്കായി കൊണ്ടുവന്ന ചൂട്ടും കൊതുമ്പും മുതല്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍വരെ ക്യാമ്പസിലുണ്ടായിരുന്നു. പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾപോലും നീക്കിയിരുന്നില്ല. മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നൽകും. വരും ദിവസങ്ങളിലും ശുചീകരണം തുടരും’– സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം പറഞ്ഞു. പാളയം ഏരിയ സെക്രട്ടറി ജെ പി ജഗദീഷ്, കൗൺസിലര്‍ വഞ്ചിയൂര്‍ പി ബാബു എന്നിവരുടെ നേത-ൃത്വത്തിലായിരുന്നു പാളയത്തെ മാലിന്യംനീക്കല്‍.
മാലിന്യങ്ങൾ രാത്രിതന്നെ നീക്കം ചെയ്തെന്നാണ് മേയർ വി വി രാജേഷിന്റെ അവകാശവാദം.
എന്നാൽ, ഇടറോഡുകളിലും കോളേജുകളിലുമടക്കം മാലിന്യം നീക്കിയിട്ടില്ല. ഇതിനിടെ ഈഞ്ചക്കല്‍ കെഎസ്ആര്‍ടിസി ഭൂമിയില്‍ തള്ളിയ മാലിന്യം കുഴിച്ചുമൂടാനും കോര്‍പറേഷന്‍ ശ്രമിച്ചു. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം തരംതിരിക്കാതെയാണ് അവിടെ കോര്‍പറേഷന്‍ തള്ളിയിരിക്കുന്നത്. മുൻ എൽഡിഎഫ് ഭരണസമിതികൾ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നഗരത്തിലെ പ്രധാന റോഡുകളിലെയും രണ്ട് ദിവസത്തിനുള്ളില്‍ ഇടറോഡുകളിലെയും ശുചീകരണം പൂർത്തിയാക്കുമായിരുന്നു. ബിജെപി ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലാണ് ഇത്തവണ മാലിന്യനീക്കം പാളിയത്.










0 comments