ആറ്റുകാൽ പൊങ്കാല; ഗതാഗത നിയന്ത്രണം ഇന്നുമുതൽ

ഫയൽചിത്രം
തിരുവനന്തപുരം : ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ചൊവ്വാഴ്ച. രാവിലെ 9.15ന് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. 9.45ന് അടുപ്പുവെട്ട്. തുടർന്ന് ശ്രീകോവിലിൽനിന്ന് മേൽശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ കത്തിച്ചശേഷം സഹമേൽശാന്തിമാർക്ക് കൈമാറും. അവർ വലിയ തിടപ്പള്ളിയിലും പണ്ടാരഅടുപ്പിലും തീ പകരുന്നതോടെ ക്ഷേത്രത്തിൽനിന്ന് കതിനാവെടി മുഴങ്ങും. ക്ഷേത്രത്തിൽനിന്ന് അറിയിപ്പ് ലഭിക്കുന്നതോടെ ലക്ഷക്കണക്കിന് വിശ്വാസികൾ അടുപ്പുകളിൽ തീകൊളുത്തും. പകൽ 2.15-ന് നിവേദിക്കും. 350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
ചന്ദ്രഗ്രഹണമായതിനാൽ പകൽ 3.10 മുതൽ രാത്രി ഏഴുവരെ ക്ഷേത്രനട അടച്ചിടും. 8.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത്, 10.45-ന് പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ നടക്കും. മണക്കാട് ശാസ്താ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ എത്തുന്ന എഴുന്നള്ളത്ത് എട്ടോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും. രാത്രി 9.45-ന് കാപ്പഴിച്ച് കുടിയിളക്കും. 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ആറ്റുകാൽ പൊങ്കാല നഗരത്തിൽ തിങ്കൾ പകൽ ഒന്നുമുതൽ ചൊവ്വ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരപരിധിയിൽ കണ്ടെയ്നർ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവ പ്രവേശിക്കാൻ പാടില്ല. റോഡുകളിലും സമീപത്തും നിർത്തിയിടാനും പാടില്ല.
ആറ്റുകാൽ ക്ഷേത്രപരിസരത്തും തിരക്ക് അനുഭവപ്പെടുന്ന നഗരത്തിലെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പൊങ്കാലയിടാൻ വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാർക്ക് ചെയ്യരുത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നഗരറോഡുകളിലെ നടപ്പാതകളിൽ അടുപ്പ് കൂട്ടാൻ പാടില്ല. പൊങ്കാല അടുപ്പുകൾക്കുസമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടമാണ്. ആംബുലൻസ്, ഫയർഫോഴ്സ് പൊലീസ്, മറ്റ് അവശ്യ സർവീസുകൾ തുടങ്ങിയവ കടന്നുപോകുന്ന വഴി സൗകര്യം ഒരുക്കി മാത്രമേ പൊങ്കാല അടുപ്പുകൾ വയ്ക്കാൻ പാടുള്ളൂ. പൊങ്കാലയ്ക്ക് ശേഷം മടങ്ങുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിലേക്ക് വാഹനങ്ങൾ ഒതുക്കി പാർക്ക് ചെയ്യണം. പൊങ്കാലയ്ക്ക് എത്തുന്ന വാഹനങ്ങൾ പൊലീസ് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് മാത്രം പാർക്ക് ചെയ്യണം. വാഹനങ്ങളിൽ ഡ്രൈവർ ഇല്ലെങ്കിൽ വിളിക്കേണ്ട മൊബൈൽ നമ്പർ പ്രദർശിപ്പിച്ചിരിക്കണം. ആറ്റിങ്ങൽനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് കേശവദാസപുരം -പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യത്തേക്ക് - പോകണം. പേരൂർക്കട ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ ഊളൻപാറ- ശാസ്തമംഗലം - ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോകണം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരുന്നവ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴി പോകണം. നെയ്യാറ്റിൻകര ഭാഗത്തുനിന്ന് കഴക്കൂട്ടത്തേയ്ക്കുള്ള വാഹനങ്ങൾക്ക് ബാലരാമപുരം -വിഴിഞ്ഞം -എൻഎച്ച് ബൈപ്പാസ് വഴി പോകാം. പൊങ്കാല ദിവസം വിമാനത്താവളത്തിലേക്ക് പോകേണ്ടവർ തീരദേശറോഡുവഴി പോകണം. ട്രാഫിക് പൊലീസ് ഫോൺ : 0471-2558731, 9497930055, 9497987002, 9497987001, 9497990005,9497990006.
പാർക്കിങ് സ്ഥലങ്ങൾ
കരമന കൽപാളയംമുതൽ നിറമൺകര പട്രോൾ പമ്പ് ഭാഗം വരെ റോഡിന്റെ ഇടത് വശം, ഐരാണിമുട്ടം ഹോമിയോ കോളേജ്, ഐരാണിമുട്ടം റിസർച്ച് സെന്റർ, ഗവ. കാലടി സ്കൂൾ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, വലിയപള്ളി പാർക്കിങ്, ചിറപ്പാലം ഗ്രൗണ്ട്, നിറമൺകര എൻഎസ്എസ് കോളേജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജി. കോളേജ് ഗ്രൗണ്ട്, കൈമനം ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് കോമ്പൗണ്ട്, ദർശന ഓഡിറ്റോറിയം പാപ്പനംകോട്, ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട് പാപ്പനംകോട്, നേമം വിക്ടറി സ്കൂൾ ഗ്രൗണ്ട്, പുന്നമൂട് ഗവ.ഹൈസ്കൂൾ ഗ്രൗണ്ട്,തിരുവല്ലം ബിഎൻവി സ്കൂൾ ഗ്രൗണ്ട്, പാപ്പനംകോട് എസ്റ്റേറ്റ്.
തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിങ് ഗ്രൗണ്ട് -1, തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിങ് ഗ്രൗണ്ട് -2, എസ്എഫ്എസ് സ്കൂൾ കല്ലുവെട്ടാൻ കുഴി, കോവളം ബീച്ച് മായംകുന്ന്, വിപിഎസ് മലങ്കര എച്ച്എസ്എസ്, വെങ്ങാനൂർ ക്രിക്കറ്റ് ഗ്രൗണ്ട്, കോട്ടപ്പുറം സെന്റ് മേരീസ് സ്കൂൾ, തൈക്കാട് സംഗീത കോളേജ്,പൂജപ്പുര ഗ്രൗണ്ട്,പൂജപ്പുര എൽബിഎസ് എൻജിനിയറിങ് കോളേജ് ഗ്രൗണ്ട്, വഴുതക്കാട് പിടിസി ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, ടാഗോർ തിയറ്റർ കോമ്പൗണ്ട്, കേരള യൂണിവേഴ്സിറ്റി ഓഫീസ്, വഴുതക്കാട് വനിതാ കോളേജ്, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം.










0 comments