ad
Deshabhimani

പൊങ്കാലയ്ക്ക് നഗരം ഒരുങ്ങി; സുരക്ഷയ്ക്ക്‌ 4000 പൊലീസ് ഉദ്യോഗസ്ഥർ

attukal ponkala

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 02, 2026, 11:22 AM | 2 min read

തിരുവനന്തപുരം : ആയിരക്കണക്കിന്‌ വിശ്വാസികൾ എത്തുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക്‌ ഒരുങ്ങി തലസ്ഥാനം. നഗരത്തിലെ പ്രധാന പാതകൾ മുതൽ ഇടവഴികൾ വരെ പൊങ്കാല അടുപ്പുകൾക്കായി ചുടുകല്ലുകൾ നിരന്നു. വഴിയോരങ്ങളിൽ കുടിവെള്ളവും സംഭാരവും ലഘുഭക്ഷണവും വിതരണം ചെയ്യാൻ സന്നദ്ധ പ്രവർത്തകർ ജാതിമത ഭേദമന്യേ സജ്ജം. വീടുകളും കടത്തിണ്ണകളും ദൂരദേശങ്ങളിൽ നിന്നെത്തുന്നവർക്ക്‌ വിശ്രമ ഇടങ്ങളായി മാറിക്കഴിഞ്ഞു.


​സുരക്ഷയ്ക്കായി നാലായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചും കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഒരുക്കിയും ഔദ്യോഗിക സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. ​പൊങ്കാലയിടുന്നവരുടെ സൗകര്യത്തിനായി പാളയം സിഎസ്‌ഐ ക്രൈസ്റ്റ്‌ പള്ളിയും സെന്റ്‌ ജോസഫ്‌ കത്തീഡ്രൽ പള്ളിയും ആരാധനാ സമയത്തിൽ മാറ്റംവരുത്തി. പാളയം ജുമാ മസ്ജിദ്‌ കമ്യൂണിറ്റി ഹാളും പരിസരവും പൊങ്കാലയിടാൻ എത്തുന്നവർക്ക്‌ തുറന്നുനൽകുമെന്ന്‌ അധികൃതർ അറിയിച്ചു. റസിഡന്റ്‌സ് അസോസിയേഷനുകളും തൊഴിലാളി സംഘടനകളും ഭക്ഷണവും ജലവും മറ്റ്‌ സ‍ൗകര്യങ്ങളും ഉറപ്പാക്കാൻ സജീവമായി രംഗത്തുണ്ട്‌.


പൊങ്കാലയ്‌ക്ക്‌ പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ 4000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സിറ്റിയിലെ പ്രധാന സ്ഥലങ്ങളെ പ്രത്യേക 4 സോണുകളാക്കി 13 ഡിവിഷനുകളായും 29 സെക്‌ടറുകളായും തിരിച്ച് നിയന്ത്രിക്കും. എല്ലാ സോണുകളുടെയും ഏകോപനം കൺട്രോൾ റൂം വഴി നടത്തും. സിറ്റി പോലീസ് കമീഷണർ കെ കാർത്തിക്കിന്റെ നേതൃത്വത്തിലാണ് ക്രമീകരണം. ആറ്റുകാൽ, പാടശ്ശേരി, ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. അടിയന്തര സാഹചര്യം, വഴിതെറ്റിപ്പോകുന്ന കുട്ടികൾ, നഷ്ടപ്പെട്ട വസ്തുക്കൾ, ആരോഗ്യസഹായം, ഗതാഗത വിവരങ്ങൾ തുടങ്ങിവയ്ക്ക് കൺട്രോൾ റൂമുകളെ സമീപിക്കാം. തിരക്ക് ക്യൂ മാനേജ്‍മെന്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ക്ഷേത്ര പരിസരത്ത് അഞ്ച് നിരീക്ഷണ ടവറുകൾ സജ്ജമാക്കി. 20 സ്ഥലങ്ങളിൽ മെഗാഫോൺ വഴി വിവരം അറിയിക്കും. സുപ്രധാന മേഖലകളിൽ ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തും.


അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ വേഗത്തിൽ ഒഴിപ്പിക്കാൻ പ്രത്യേക പാതയും ഒരുക്കി. പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ദർശനത്തിന്‌ പോകുന്നതിനും തിരികെ വരുന്നതിനും കെഎസ്ആർടിസിയുടെ ഷട്ടിൽ സേവനവും ലഭിക്കും.

പാർക്കിങ് സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും യാത്രാസൗകര്യം സുഗമമാക്കാനും ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തി.


ക്രമീകരണങ്ങളുമായി റെയിൽവേ

സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൊങ്കാലയ്ക്ക്‌ പ്രത്യേക ക്രമീകരണങ്ങൾ. ചൊവ്വ പകൽ മൂന്നുവരെ വാഹന പാർക്കിങ് അനുവദിക്കില്ല. പുനർനിർമാണ പ്രവർത്തനങ്ങൾ കാരണം രണ്ടാം എൻട്രൻസ് (പവർ ഹൗസ് റോഡ് വശം) പൂർണമായി അടച്ചു. സ്റ്റേഷന്‌ അകത്തേക്ക്‌ പ്രവേശിക്കാൻ തന്പാനൂർ വശത്തുള്ള പ്രധാന കവാടം, പ്രീമിയം പാർക്കിങ്‌, തൈക്കാട്‌ വനിതാശിശു ആശുപത്രിയിലേക്ക്‌ പോകുന്ന റോഡിലുള്ള അണ്ടർപാസ്‌ കവാടം എന്നിവ ഉപയോഗിക്കണം.


തിരക്ക് ഒഴിവാക്കുന്നതിനായി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം മൂന്ന് താൽക്കാലിക കേന്ദ്രങ്ങളിലൂടെ നിയന്ത്രിക്കും. ഇവിടങ്ങളിൽനിന്ന്‌ യാത്രക്കാർക്ക് അൺറിസർവ്ഡ് ടിക്കറ്റുകൾ വാങ്ങാം.

ചൊവ്വാഴ്‌ചത്തെ ട്രെയിനുകളുടെ പ്ലാറ്റ്‌ഫോം

* കൊല്ലം ജങ്‌ഷൻ ഭാഗത്തേക്കുള്ള ട്രെയിനുകൾ — പ്ലാറ്റ്ഫോമുകൾ 1, 2, 3, 4,

* നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ — പ്ലാറ്റ്ഫോം 5



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home