Deshabhimani

സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമം: 5 ആർഎസ്‌എസുകാർക്ക് പതിമൂന്നര വർഷം കഠിന തടവ്, ഒന്നാം പ്രതിക്ക് 29 വർഷം

jail new
വെബ് ഡെസ്ക്

Published on Oct 03, 2026, 02:49 PM | 2 min read

തലശേരി : സിപിഐ എം പ്രവർത്തകരെ ബോംബെറിഞ്ഞ്‌ വധിക്കാൻ ശ്രമിച്ച അഞ്ച്‌ ആർഎസ്‌എസുകാരെയും പതിമൂന്നര വർഷംകഠിനതടവിനും 75,000 രൂപ വീതം പിഴയടക്കാനും തലശേരി അഡീഷനൽ ജില്ല സെഷൻസ്‌ (3) കോടതി ജഡ്‌ജി റൂബി കെ ജോസ്‌ ശിക്ഷിച്ചു. മോട്ടോർ സൈക്കിളിൽ യാത്രചെയ്യുന്നതിനിടെ ചക്കരക്കല്ല്‌ തലമുണ്ട അപ്പക്കടവ്‌ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത തുണ്ടിക്കണ്ടിയിൽ ഹ‍ൗസിൽ കെ സമേഷ്‌ (36), സുഹൃത്ത്‌ ചക്കരക്കല്ല്‌ കണയന്നൂരിലെ ഓറോറക്കണ്ടി ഹ‍ൗസിൽ ഒ കെ രാജേഷ് (42) എന്നിവരെ സ്‌റ്റീൽ ബോംബൈറിഞ്ഞ്‌ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഒന്നാം പ്രതി കോയ്യോട്‌ ചെമ്പിലോട്‌ കോവിലിലെ കൊടിവളപ്പിൽ ഹ‍ൗസിൽ കെ വി സിനോജ്‌ എന്ന ചക്കി സിനോജിന് (37), സ്ഫോടക വസ്തു നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 16 വർഷം കഠിന തടവും 60,000 രൂപ പിഴയുമുണ്ട്.


ആർഎസ്‌എസ് പ്രവർത്തകരായ ഏച്ചൂർ അങ്കണവാടിക്കടുത്ത അയ്യപ്പൻ മല ചടയൻ ഹ‍ൗസിൽ സി ലനീഷ്‌ (33), ചെമ്പിലോട്‌ കോവിൽ കോരൻ നായർ സ്‌മാരക വിഞ്ജാന കേന്ദ്രത്തിനടുത്ത മയൂരം ഹ‍ൗസിൽ കെ ശിശിർ (31), സഹോദരൻ കെ വി ശിരോൺ, ചെമ്പിലോട്‌ കോവിൽ പാറക്കൽ ഹ‍ൗസിൽ സി കെ ഷനിൽകുമാർ (44) എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ. പിഴയടച്ചില്ലെങ്കിൽ 9 മാസം തടവ് അനുഭവിക്കണം. ഒന്നാം പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും തടവ് അനുഭവിക്കണം. പിഴയടച്ചാൽ മൂന്ന് ലക്ഷം രൂപ സമേഷിന് നൽകാനും കോടതി നിർദേശിച്ചു.


2016 ജനുവരി മൂന്നിനായിരുന്നു ബോംബേറ്‌. മോട്ടോർ സൈക്കിളിന്‌ മുന്നിൽ ചക്കി സിനോജ് ബോംബെറിയുകയും ബൈക്ക്‌ മറിയുകയും ചെയ്‌തു. ഓടിരക്ഷപ്പെടുന്നതിനിടെ രാജേഷിനും സമേഷിനും നേരെ സിനോജ് വീണ്ടും ബോംബെറിഞ്ഞു. സമേഷിന്റെ കാലിൽ കൊണ്ട് ബോംബ്‌ പൊട്ടി. ബോംബെറിൽ സമേഷിനെ പരിക്കുപറ്റിയത് കണ്ട് അടുത്തേക്ക് വരാൻ ശ്രമിച്ച രാജേഷിന് നേരെ വീണ്ടും ബോംബറിഞ്ഞു. ബോംബേറിൽ ചിതറിപ്പായ സമേഷിന്റെ ഇടതുകാൽ പിന്നീട്‌ മുറിച്ചുമാറ്റി. രാജേഷിനും ഗുരുതര പരിക്കേറ്റു. സമേഷിന്റെ ശരീരത്തിൽ നിന്നും ബോംബിന്റെ അവശിഷ്ടം പൂർണമായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.


സമേഷ് ഇപ്പോൾ കൃത്രിമ കാലിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. അഞ്ചാം പ്രതി ഷനിൽ കുമാർ സിപിഐ എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞു തകർത്ത കേസിലും രാജേഷിനെ വെട്ടി കോലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്ത വീട്ടിൽ നിൽകുകയായിരുന്ന ചെമ്പിലോട്‌ കോവിലിലെ പാലിച്ചാലിൽ ഹ‍ൗസിൽ സഫിയത്തിനും ബോംബിന്റെ ചീള്‌ തറച്ച്‌ പരിക്കേറ്റിരുന്നു. സിഐമാരായിരുന്ന കെ എസ്‌ ഷാജി, പ്രകാശൻ പടന്നയിൽ, കെ വി പ്രമോദൻ എന്നിവരാണ്‌ കേസന്വേഷിച്ചത്‌. കണ്ണൂർ സിറ്റി സിഐയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിലാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. കേസിൽ 23 സാക്ഷികളെ വിസ്‌തരിച്ചു. 40 രേഖകൾ പ്രേ്ാസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷനൽ പബ്ലിക്‌ പ്രോസിക്യൂട്ടർ കെ രൂപേഷ്‌, അഡ്വ വിനോദ്‌കുമാർ ചമ്പളോൻ, അഡ്വ പി പി പ്രണിൽ എന്നിവർ ഹാജരായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home