കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് ആയുർദൈർഘ്യം തിരിച്ചെത്തുന്നു; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്-19 മഹാമാരിക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് ആഗോള ആയുർദൈർഘ്യം തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന . 2023-ൽ ആഗോള ആയുർദൈർഘ്യം 73.3 വർഷമായി, 2019-ലെ 73.4 വർഷത്തിന് അടുത്തെത്തി. മഹാമാരിയുടെ ആഘാതത്തിൽ 2021-ൽ ഇത് 71.5 വർഷമായി കുറഞ്ഞിരുന്നു.
എന്നാൽ ആരോഗ്യത്തോടെ ജീവിക്കുന്ന വർഷങ്ങളുടെ വീണ്ടെടുപ്പ് താരതമ്യേന മന്ദഗതിയിലാണ്. 2023-ൽ ആരോഗ്യകരമായ ആയുർദൈർഘ്യം 62.8 വർഷമായിരുന്നു, 2019-നെ അപേക്ഷിച്ച് 0.4 വർഷം കുറവ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2023-ൽ ലോകത്ത് 6.1 കോടി മരണങ്ങളുണ്ടായി. ഇതിൽ 3.3 കോടി മരണങ്ങൾക്കും പ്രധാനമായ 10 കാരണങ്ങളാണ് ഉത്തരവാദികൾ. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന ഇസ്‌കീമിക് ഹൃദ്രോഗമാണ് ലോകത്തെ ഏറ്റവും വലിയ മരണകാരണം. 2023-ൽ ഇത് 95 ലക്ഷം മരണങ്ങൾക്ക് കാരണമായി.
സ്‌ട്രോക്ക്, സിഓപിഡി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള മരണകാരണങ്ങൾ. അൽസൈമേഴ്സ് ഉൾപ്പെടെയുള്ള ഡിമെൻഷ്യ രോഗങ്ങൾ മൂലമുള്ള മരണങ്ങളും ഗണ്യമായി ഉയർന്നു.
അതേസമയം, 2023-ൽ ആദ്യമായി കോവിഡ്-19 ലോകത്തിലെ ആദ്യ 10 മരണകാരണങ്ങളിൽ നിന്ന് പുറത്തായി. നേരിട്ട് കോവിഡ് മൂലമുണ്ടായ മരണങ്ങൾ 2023-ൽ ഏകദേശം 9 ലക്ഷമായി കുറഞ്ഞു. എച്ഐവി /എയ്ഡ്സ് മൂലമുള്ള മരണങ്ങളും 2020 നുശേഷം 62 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് വ്യക്തമാക്കുന്നു.








0 comments