'കൊലപാതകശ്രമം ബോധപൂർവമെങ്കിൽ മാത്രമേ വധശ്രമക്കേസ് നിലനിൽക്കൂ'

കൊച്ചി: ബോധപൂർവമായ കൊലപാതക ശ്രമമാണെങ്കിൽ മാത്രമേ പ്രതിക്കെതിരെ വധശ്രമക്കേസ് നിലനിൽക്കൂവെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം വധശ്രമക്കേസിൽ ശിക്ഷ നൽകാനാകില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷിച്ചു. മുറിവിന്റെ സ്വഭാവവും വധശ്രമക്കുറ്റം നിർണയിക്കുന്നതിൽ പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. ആശുപത്രിയിൽ സുഹൃത്തിനെ സന്ദർശിച്ചു മടങ്ങിയ ആളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി കൂട്ടായി കോതപ്പറമ്പ് മൂസാന്റെ പുരക്കൽ മനാഫിനെ വധശ്രമക്കുറ്റത്തിന് ഏഴ് വർഷം ശിക്ഷിച്ച സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
തിരൂർ ഗവ. ആശുപത്രിക്കുമുന്നിൽ 2005 മെയ് 17ന് നടന്ന സംഭവത്തിൽ മഞ്ചേരി സെഷൻസ് കോടതിയാണ് മനാഫിനെ ശിക്ഷിച്ചത്. മറ്റു നാലുപേർക്കൊപ്പം ചേർന്ന് ഒരാളെ ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. വധശ്രമത്തിനടക്കം ഏഴ് വർഷത്തെ തടവാണ് 2014 ൽ വിധിച്ചത്. അനാവശ്യമായി വധശ്രമക്കേസ് ചുമത്തിയെന്ന് കാണിച്ച് മനാഫ് ഹെെക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നുവെങ്കിൽ മാത്രമേ വധശ്രമത്തിന് കേസെടുക്കാനാകൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ കേസിൽ അത്തരമൊരു ഉദ്ദേശ്യം വ്യക്തമല്ലെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് മുറിവേൽപ്പിച്ചതെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു. തോളിൽ ഒരു കുത്തുമാത്രമാണ് ലഭിച്ചത്. ഇത് കൊലപ്പെടുത്താൻ ശ്രമമുണ്ടായതിന് മതിയായ തെളിവല്ലെന്ന് വ്യക്തമാക്കിയാണ് വധശ്രമക്കേസും ശിക്ഷയും റദ്ദാക്കിയത്. മറ്റു കുറ്റകൃത്യങ്ങൾക്കെല്ലാം ചേർന്ന് 41,500 രൂപ പിഴയൊടുക്കണം. അല്ലാത്തപക്ഷം 23 ആഴ്ചത്തെ തടവനുഭവിക്കണം. പിഴ സംഖ്യയിൽ 30,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണം. ബാക്കി തുക സർക്കാർ ഖജനാവിലേക്ക് അടയ്‌ക്കണം.











0 comments