താനൂരിൽ സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

ഹിദായത്തുള്ള, ഊറാൻ കടവത്ത് ഷിബിൽ, മുഹമ്മദ് ഷിബിൽ
താനൂർ : മലപ്പുറം ഉണ്യാലില്‍ സിപിഐ എം പ്രവർത്തകൻ ജംഷീർ ബാബുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. പുതിയ കടപ്പുറം സ്വദേശി ചേക്കിന്റെ പുരയ്ക്കൽ ഹിദായത്തുള്ള (21), ജ്ഞാനപ്രഭ സ്കൂളിന് സമീപം ഊറാൻ കടവത്ത് ഷിബിൽ (25), പുതിയ കടപ്പുറം സ്വദേശി മാമുണ്ണിൻ്റെ പുരയ്ക്കൽ മുഹമ്മദ് ഷിബിൽ (23) എന്നിവരാണ് താനൂർ പൊലീസ് പിടിയിലായത്.
വെള്ളി ഉച്ചയ്ക്ക് പന്ത്രണ്ടോടെ പുതിയകടപ്പുറം ഭാഗത്ത് വെച്ചാണ് സംഭവം. മോട്ടോർ സൈക്കിളിൽ പരപ്പനങ്ങാടിയിൽ നിന്നും വരികയായിരുന്ന ജംഷീർ ബാബുവിനെ കാറിൽ പിന്തുടർന്നാണ് അക്രമിസംഘം എത്തിയത്. പുതിയകടപ്പുറം കറുകയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ബൈക്ക് ഇടിച്ചിടുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചു വീണ ജംഷീർ ബാബുവിനെ അക്രമിസംഘം ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികൾ ആക്രമണത്തിനായി എത്തിയ ചുവന്ന കാർ ഉണ്യാൽ ഫിഷറീസ് എക്സ്റ്റൻഷൻ സെൻ്ററിന് സമീപം ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. താനൂർ ഡിവൈഎസ്പി സുനിൽ പുളിക്കൻ, സിഐ യു കെ ഷാജഹാൻ, എസ്ഐ സുജിത്ത്, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ട്. അന്വേഷണം ത്വരിത ഗതിയിൽ മുന്നോട്ടു പോകുന്നതായും പൊലീസ് അറിയിച്ചു.









0 comments