Deshabhimani

print edition ഫണ്ടില്ലെന്ന് 
സർക്കാർ; അട്ടപ്പാടിയിൽ മൊബൈൽ ക്ലിനിക്കുകളും നിർത്തി

ambulance

ഉന്നതികളിൽ സേവനം നടത്തിയിരുന്ന മൊബൈൽ മെഡിക്കൽ ക്ലനിക്കുകൾ

avatar
വേണു കെ ആലത്തൂർ

Published on Oct 24, 2026, 01:30 AM | 1 min read

പാലക്കാട്‌ : അട്ടപ്പാടിയിലെ ആദിവാസി ഉന്നതികളിൽ മെഡിക്കൽ സേവനം ലഭ്യമാക്കിയ മൂന്ന്‌ മൊബൈൽ ക്ലിനിക്കുകൾ യുഡിഎഫ്‌ സർക്കാർ നിർത്തലാക്കി. എൻഎച്ച്‌എമ്മിന്‌ കീഴിൽ ആംബുലൻസ്‌ സംവിധാനമുള്ള യൂണിറ്റുകൾ മിനി ആശുപത്രി എന്ന നിലയിലായിരുന്നു പ്രവർത്തനം. ഡോക്ടർ, സ്‌റ്റാഫ്‌ നഴ്‌സ്‌, ലാബ്‌ ടെക്‌നീഷ്യൻ ഉൾപ്പെടെയുണ്ടായിരുന്നു.


ഫണ്ടില്ലെന്ന കാരണത്താലാണ്‌ ഇവയുടെ സേവനം അവസാനിപ്പിച്ചത്‌. സിക്കിൾ സെൽ അനീമിയ ഉൾപ്പെടെ 32 ഇനം ലാബ്‌ പരിശോധന മൊബൈൽ ക്ലിനിക്കുകളിലുണ്ടായിരുന്നു. പ്രാഥമിക രോഗ നിർണയം, ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിശോധന, പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ കണ്ടത്തുക, നവജാത ശിശുക്കളുടെ ആരോഗ്യ പരിശോധന, ഷുഗർ, ബിപി, കൊളസ്‌ട്രോൾ എന്നിവയുടെ നിർണയവും നടന്നിരുന്നു.


രോഗ ലക്ഷണമുള്ളവർക്ക്‌ മരുന്ന്‌ നൽകി വിദഗ്‌ധ ചികിത്സയ്‌ക്ക്‌ നിർദേശിക്കാനും സംവിധാനമൊരുക്കി.

എൽഡിഎഫ്‌ സർക്കാരാണ്‌ ഷോളയൂർ, പുതൂർ, ആനക്കട്ടി പിഎച്ച്‌സികൾക്കുകീഴിൽ മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ സജ്ജമാക്കിയത്‌.


വിവിധ സ്ഥാപനങ്ങളിൽനിന്ന്‌ കരാർ അടിസ്ഥാനത്തിൽ ആംബുലൻസുകൾ എത്തിച്ചു. പ്രധാനമായും 33 വിദൂര ഉന്നതികളിലായിരുന്നു സേവനം. ഒരു മാസംമുന്പേ റൂട്ടും ചാർട്ടും തയ്യാറാക്കി മുൻകൂട്ടി അറിയിച്ച്‌ ഉ‍ൗരുകളിലെത്തിയായിരുന്നു പരിശോധന.


രോഗനിർണയം നടത്തി അത്യാവശ്യ മരുന്നുകൾ ആംബുലൻസിലൂടെ വിതരണം ചെയ്‌തിരുന്നത്‌ ആദിവാസികൾക്ക്‌ ആശ്വാസമായിരുന്നു. ആരോഗ്യവകുപ്പിന്‌ കീഴിൽ ഫാർമസിസ്‌റ്റിന്റെ സേവനം നൽകിയിരുന്ന മറ്റ്‌ രണ്ട്‌ മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനവും യുഡിഎഫ്‌ സർക്കാർ പരിമിതപ്പെടുത്തി.


പകൽ 12 മുതൽ രണ്ടുവരെയാക്കി കുറച്ചുവെന്നാണ്‌ ആക്ഷേപം. ഒരു യൂണിറ്റിലെ ഫാർമസിസ്‌റ്റിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സ്ഥലം മാറ്റി പകരം ആളെ നിയമിച്ചില്ല. അതിരാവിലെ ഉ‍ൗരുകളിൽ എത്തിയാലേ യൂണിറ്റുകൾകൊണ്ട്‌ പ്രയോജനമുള്ളൂ. സമയം ചുരുക്കിയതോടെ സേവനവും ഇല്ലാതായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home