അട്ടപ്പാടി കൊലപാതകം; മൃതദേഹങ്ങൾ പൊതിഞ്ഞ ചാക്കിലെ എഴുത്തിൽ നിർണായക സൂചന

പാലക്കാട്: അട്ടപ്പാടിയിൽ ചാക്കിനുള്ളിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണായക സൂചന. മൃതദേഹങ്ങൾ പൊതിയാൻ ഉപയോഗിച്ച ചാക്കുകളിലൊന്നിലെ എഴുത്തിൽ നിന്നാണ് പൊലീസിന് പുതിയ വിവരം ലഭിച്ചത്.
കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ചാക്കാണിതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഇതര സംസ്ഥാനക്കാരായ തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മരിച്ച യുവതിയും ഇതര സംസ്ഥാന സ്വദേശിയായ തോട്ടം തൊഴിലാളിയാകാമെന്നാണ് പൊലീസിന്റെ നിഗമനം.
മൃതശരീരങ്ങളുടെ പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഭവാനിപ്പുഴയിൽ നിന്നാണ് അമ്മയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ചാക്കുകളിലായാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മരണത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
പശുവിനെ മേയ്ക്കാൻ പോയ പ്രദേശവാസികളാണ് പുഴയോരത്ത് ചാക്കുകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.









0 comments