നടുക്കം മാറാതെ; ഡൽഹിയിൽ ദുരന്തത്തിന് വഴിയൊരുക്കിയത് കെട്ടിടത്തിന്റെ കാലപ്പഴക്കം

Image Credit : PTI
ന്യൂഡൽഹി : തെക്കൻ ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. 10 പേർക്ക് പരിക്കേറ്റു. ഏകദേശം 13 പേരെ രക്ഷപ്പെടുത്തി. ഇരുപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30യോടെയാണ് കെട്ടിടം തകർന്ന് വൻ ദുരന്തമുണ്ടായത്. അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ ഓടിക്കൂടിയ നാട്ടുകാരും വിദ്യാർഥികളുമാണ് രക്ഷാപ്രവർത്തനത്തിന് ആരംഭിച്ചത്. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിനടുത്താണ് ഈ ഡെയ്സ് എന്ന ഹോസ്റ്റൽ കെട്ടിടം സ്ഥിതിചെയ്തിരുന്നത്.
കെട്ടിടത്തിന്റെ ബേസ്മെന്റിൽ 10-15 ദിവസമായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ ഈ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം കെട്ടിടത്തിന്റെ കാലപ്പഴക്കവും വൻ ദുരന്തത്തിന് കാരണമായി. സംഭവത്തിൽ കെട്ടിട ഉടമ ആനന്ദ് ബൻസാലിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു.
പുനരധിവാസത്തിനായി നൽകിയ സ്ഥലത്ത് രണ്ട് നിലയിലുള്ള കെട്ടിടം നിർമിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് അനധികൃതമായി നിർമിച്ച കെട്ടിടങ്ങളിൽ പലതും ബേസ്മെന്റ് അടക്കം 4-5 നിലയുള്ളവയാണ്. കേരളം, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഈ പ്രദേശത്തെ പിജികളിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം ഹോസ്റ്റലുകൾ ഏകദേശം 12,000 രൂപവരെയാണ് ഫിസ് ചുമത്തുന്നത്.
കെട്ടിടം തകരുന്നതിന് മുമ്പുള്ള ദൃശ്യങ്ങളിൽ വിള്ളലുകൾ ഉണ്ടായിരുന്നതായി കാണാം. അപകടം നടക്കാതിരിക്കാൻ മുൻകരുതലെടുക്കാതെ ദുരന്തം സംഭവിച്ചതോടെ ഡൽഹിയിലെ നാല് നിലകളിൽ കൂടുതലുള്ള അനധികൃത കെട്ടിടങ്ങൾ ഉടൻ സീൽ ചെയ്യാൻ ഉത്തരവിടുകയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ചെയ്തത്. ഉദ്യോഗസ്ഥ–ഭരണതലത്തിലെ പിടിപ്പുകേടാണ് ഡൽഹിയിൽ ഇത്തരത്തിലുള്ള അനധികൃത കെട്ടിടങ്ങൾ കൂണുപോലെ മുളച്ചുപൊന്താൻ വഴിയൊരുക്കുന്നത്.








0 comments