തൃശൂർ എടിഎം കവർച്ച: പ്രതി ജിന്റോ പിടിയിൽ

തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പൂങ്കുന്നത്തെ എടിഎമ്മിൽ കവർച്ച നടത്തിയ പ്രതി പേരാമംഗലം സ്വദേശി ജിന്റോ ആണ് പിടിയിലായത്.
കുര്യച്ചിറയിലെ ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇന്നലെയാണ് പഞ്ചാബ്നാഷൽണൽ ബാങ്കിന്റെ എടിഎമ്മിൽ കവർച്ച ശ്രമം നടക്കുന്നത്. ഇതിന് പിന്നാലെ പ്രതിക്കായി പൊലീസ് അന്വേഷണ ഊർജിതമാക്കിയിരുന്നു. എന്നാൽ അതേ പ്രതി തൃശൂരിൽ ഇന്ന് രാവിലെ ജ്വല്ലറി മോഷണത്തിനിടെ പിടിയിലാവുകയായിരുന്നു.
കുര്യച്ചിറയിലെ അക്കര ജ്വല്ലറിയിലാണ് മോഷണം നടന്നത്. പൂട്ടുപൊളിച്ച് വാതിലും തകർത്ത് അകത്ത് കടക്കുകയായിരുന്നു. ജ്വല്ലറി ഉടമക്ക് ഡോർ തകർത്തത് സംബന്ധിച്ച സന്ദേശം ഫോണിൽ വന്നിരുന്നു. ഇതനുസരിച്ച് ഫോണിൽ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവിനെ ജ്വല്ലറിക്കകത്ത് കണ്ടത്.
തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. എടിഎമ്മിൽ സമാനമായ രീതിയിൽ താൻ മോഷണം നടത്തിയെന്ന് ജിന്റോ കുറ്റസമ്മതവും നടത്തി. കടബാധ്യത മൂലമാണ് ഇത്തരത്തിൽ രണ്ടിടത്തും മോഷണം നടത്തിയതെന്നും ജിന്റോ പറഞ്ഞു.
രണ്ട് മാസത്തിനിടെ നിരവധി എടിഎം മോഷണങ്ങളാണ് തൃശൂരിൽ നടന്നിരുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനകളിൽ പ്രദേശത്തെ വ്യക്തി തന്നെയാകാം പ്രതിയെന്ന് നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു. ഈ അന്വേഷണത്തിനിടെയാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്.








0 comments