print edition മന്ത്രി വീണാ ജോർജിനെതിരെ വീണ്ടും ഏഷ്യാനെറ്റ്

കണ്ണൂർ : മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കെഎസ്‌യുക്കാർക്ക് ജാമ്യം ലഭിച്ചതിനുപിന്നാലെ, മന്ത്രിക്കെതിരെ വീണ്ടും വ്യക്തിഹത്യയുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. ‘മന്ത്രിയുടെ നുണക്കഥ പൊളിഞ്ഞുവോ’എന്ന പേരിൽ ചർച്ചയുൾപ്പെടെ ഒരുക്കിയാണ് ആക്ഷേപിക്കാൻ ശ്രമിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് മന്ത്രി ചികിത്സയിൽ കഴിഞ്ഞ കണ്ണൂർ ജില്ലാ ആശുപത്രിയിലെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെയും റിപ്പോർട്ടിലും മെഡിക്കൽ ബുള്ളറ്റിനിലും പരിക്ക് സംബന്ധിച്ച വിശദാംശങ്ങളുള്ളപ്പോഴാണ് അസത്യപ്രചാരണം.
തനിക്കെതിരായ വാർത്തകൾ കൈകാര്യം ചെയ്യാൻ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രത്യേകം എഡിറ്റോറിയൽ ഡെസ്‌ക് പ്രവർത്തിക്കുന്നതായി മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഇടതുപക്ഷവിരുദ്ധരെമാത്രം അണിനിരത്തി മന്ത്രിക്കെതിരെ ചാനൽ അന്തിച്ചർച്ച സംഘടിപ്പിച്ചു.
പൊലീസിന്റെ കസ്‌റ്റഡി കാലാവധി തീർന്നതിനാൽ സ്വാഭാവിക നടപടിക്രമമായി ജാമ്യം അനുവദിച്ചതിനെയാണ്, കെട്ടിച്ചമച്ച കേസായതിനാൽ ജാമ്യം ലഭിച്ചുവെന്ന മട്ടിൽ ഏഷ്യനെറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വികസനം ചർച്ചയാകാതിരിക്കാൻ ‘സീൻ മാറ്റണ’മെന്ന കനുഗോലു തന്ത്രംതന്നെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റും പയറ്റുന്നത്.
ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റാണ് നുണക്കഥയ്‌ക്ക് തെളിവായി ഏഷ്യനെറ്റ് നിരത്തുന്നത്. കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കവാടത്തിലുണ്ടായ കെഎസ്‌യു ആക്രമണത്തിൽ മന്ത്രിക്ക് പരിക്കേറ്റതായി വൂണ്ട് സർട്ടിഫിക്കറ്റിലുണ്ട്.
കഴുത്തിലുൾപ്പെടെ പരിക്കും കഠിനമായ വേദനയുമുള്ളതായും ഇതിൽ പറയുന്നു. ആയുധങ്ങളുപയോഗിച്ചുണ്ടായ മുറിവുകൾ കണ്ടെത്താനായില്ല എന്ന പരാമർശമാണ് ഏഷ്യാനെറ്റ് എടുത്തുപറയുന്നത്. ആക്രമിക്കാൻ ആയുധങ്ങൾ ഉപയോഗിച്ചുവെന്ന് മന്ത്രിയോ ഗൺമാനോ ഇതുവരെ പരാതി നൽകിയിട്ടില്ല. കെഎസ്‌യുക്കാരുടെ ജാമ്യഹർജി പരിഗണിക്കുന്ന വേളയിൽ പ്രോസിക്യൂഷൻ വൂണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും ഏഷ്യാനെറ്റ് പറയുന്നു. കേസിൽ പ്രത്യേക അന്വേഷകസംഘം ഇതുവരെ മന്ത്രിയുടെ മൊഴിയെടുത്തിട്ടില്ല. മന്ത്രിയുടെ ഗൺമാൻ നൽകിയ പരാതിയിലാണ് ഇതുവരെയുള്ള നടപടികൾ.










0 comments