ad
Deshabhimani

നിർമാണച്ചെലവ്‌ 3810.69 കോടി 
രൂപയായി 
ഉയർന്നു

print edition ശബരിപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കൽ ; വീണ്ടും കേന്ദ്രമന്ത്രിയുടെ കള്ളം

ashwini
വെബ് ഡെസ്ക്

Published on Feb 03, 2026, 03:05 AM | 1 min read


തിരുവനന്തപുരം

അങ്കമാലി–എരുമേലി ശബരി പാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിൽ കള്ളം ആവർത്തിച്ച്‌ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌. ബജറ്റിൽ കേരളത്തിന്‌ അനുവദിച്ച വിഹിതം പറയാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ്‌ പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിൽ കേരളം താമസം വരുത്തിയെന്ന പെരുംനുണ. ഇതേ കള്ളം പാർലമെന്റിലും മുന്പ്‌ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതല്ല യാഥാർഥ്യം. പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കാതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്നത്‌ മറച്ചുവച്ചാണ്‌ കള്ളപ്രചാരണം.


2019 സെപ്‌തംബർ 26ന്‌ റെയിൽവേ ബോർഡിന്റെ കത്ത്‌ പുറത്തുവന്നപ്പോഴാണ്‌ പദ്ധതി മരവിപ്പിച്ച കാര്യം സർക്കാർ അറിഞ്ഞത്‌. 2021ൽ എല്ലാ ഓഫീസുകളുടെയും പ്രവർത്തനം നിലച്ചു. പിന്നീട്‌ പദ്ധതി പുനരാരംഭിക്കാൻ നിർമാണച്ചെലവിന്റെ പകുതി നൽകണമെന്ന്‌ കേന്ദ്രം ആവശ്യപ്പെട്ടു.


നിർമാണച്ചെലവിന്റെ പകുതി നൽകാൻ തയ്യാറാണെന്നും പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന്‌ മുഖ്യമന്ത്രി പദ്ധതിക്ക്‌ 1905.34 കോടി രൂപ കിഫ്‌ബിവഴി നൽകാമെന്നും അറിയിച്ചു. തുക സംസ്ഥാന സർക്കാരിന്റെ വായ്‌പാപരിധിയിൽ ഉൾപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. തുടർന്ന്‌ കഴിഞ്ഞവർഷം പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാനും ഡൽഹിയിൽ മന്ത്രി അശ്വിനി വൈഷ്‌ണവിനെ കണ്ട്‌ ചർച്ച നടത്തി. പദ്ധതി പുനരാരംഭിക്കാൻ ധാരണയായി. എന്നാൽ മരവിപ്പിച്ച നടപടി പിൻവലിച്ചില്ല.


ഇ‍ൗ ജനുവരി 27ന്‌ ആണ്‌ മരവിപ്പിച്ച നടപടി പിൻവലിച്ചത്‌. ഭൂമി ഏറ്റെടുക്കാനുള്ള നടപടിയും തുടങ്ങി. 204 ഹെക്‌ടർ ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടത്‌. കാലടി മുതൽ രാമപുരംവരെ 72 കിലോമീറ്റററിൽ 2862 കുടുംബങ്ങളുടെ ഭൂമിയിൽ സർവേ നടത്തിയിരുന്നു. 1997–-98-ലെ റെയിൽവെ പിങ്ക് ബുക്കിൽ ഇടംനേടിയ പദ്ധതിക്കായി കാലടിവരെ പാത നിർമിച്ചു. പദ്ധതി നടപ്പാക്കുന്നതിലുണ്ടായ കാലതാമസത്തിലൂടെ നിർമാണച്ചെലവ്‌ 3810.69 കോടി രൂപയായി ഉയർന്നിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home