അതിവേഗ റെയിൽ ഉൾപ്പെടെ ഒരു പദ്ധതിയും കേരളത്തിനില്ലെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ്
print edition കേരളത്തിന് ‘അത്രവേഗം’ വേണ്ട

ന്യൂഡൽഹി
അതിവേഗ റെയിൽ പദ്ധതി ഉൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിച്ച് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ്. തിരുവനന്തപുരം–കാസർകോട് ആർആർടിഎസ് (റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച് കേരളം അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടുതന്നെയെന്ന് വ്യക്തമാക്കിയിട്ടും അനുഭാവപൂർണമായ നടപടി കേന്ദ്രത്തില്‍നിന്ന് ഉണ്ടായില്ല.
ഇ ശ്രീധരൻ മുന്നോട്ടുവയ്‌ക്കുന്ന അതിവേഗ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്നോ ഇല്ലെന്നോ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞില്ല. ഇ ശ്രീധരൻ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാനുള്ള നീക്കം തുടങ്ങിയതു സംബന്ധിച്ച ചോദ്യത്തിന് ശ്രീധരന്റെ പ്രവർത്തനങ്ങളെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണോ ശ്രീധരന്റെ നടപടിയെന്ന് ചോദിച്ചപ്പോൾ മന്ത്രി അസ്വസ്ഥനായി. കേരളത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളായെന്നും ഇനി മറ്റ് സംസ്ഥാനങ്ങളുടെ കാര്യങ്ങൾ വിശദീകരിക്കാനുണ്ടെന്നും പറഞ്ഞ് മന്ത്രി തലയൂരി. പദ്ധതി നടത്തിപ്പിന് ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്ന ദിവസമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അതിവേഗ റെയിൽ ഇടനാഴിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് കേരളത്തിനും ഗുണകരമാകുമെന്നുമുള്ള പരിഹാസ്യമായ വാദം വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആവർത്തിച്ചു. കേരളത്തെ പൂർണമായും തഴഞ്ഞ കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ പകപോക്കലിന് എതിരെ വൻപ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് മലയാളികളെ അവഹേളിക്കുംവിധമുള്ള വൈഷ്‌ണവിന്റെ പ്രതികരണങ്ങൾ. കേരളത്തിന് യുപിഎ സർക്കാർ അനുവദിച്ചതിനേക്കാൾ പത്തിരട്ടി തുക വകയിരുത്തിയിട്ടുണ്ടെന്നും സ്റ്റേഷനുകൾ വികസിപ്പിക്കുന്ന പണി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അമൃത്‌ഭാരത്, വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചു, അങ്കമാലി– ശബരി പാതയ്‌ക്ക് സർക്കാർ ഭൂമി ഏറ്റെടുക്കാൻ തുടങ്ങി, അതിന് സംസ്ഥാനത്തിന്റെ സഹകരണം ആവശ്യമാണ് തുടങ്ങിയ കാര്യങ്ങൾ ആവർത്തിച്ചു.
ബജറ്റിൽ വിവിധ സംസ്ഥാനങ്ങളിലായി ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ തഴഞ്ഞിരുന്നു.










0 comments