ആർക്കുവേണ്ടിയാണ് ഈ സമരനാടകം


എളമരം കരീം
Published on Feb 24, 2025, 12:02 AM | 4 min read
ഏതാനും ‘ആശ’ വർക്കർമാരെ വ്യാമോഹിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സംഘടിപ്പിച്ച് സെക്രട്ടറിയറ്റിനു മുന്നിൽ സർക്കാരിനെതിരെ നടത്തുന്ന സമരം എൽഡിഎഫ് വിരുദ്ധമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് മൂന്നാറിലെ ടാറ്റ ടി എസ്റ്റേറ്റിലെ ഒരു വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ‘പൊമ്പിളെ ഒരുമ’ എന്ന പേരിൽ നടത്തിയ സമരത്തിന്റെ തനിയാവർത്തനമാണിത്. അന്നും മാധ്യമങ്ങളാണ് സമരം കൊഴുപ്പിച്ചത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകളെ മുഴുവൻ അധിക്ഷേപിച്ചു കൊണ്ടായിരുന്നു മൂന്നാർസമരം. ഒരു അരാജക സംഘടനയായിരുന്നു നേതൃത്വം നൽകിയത്. അതേ മാതൃകയിൽ ചില അരാജക സംഘടനകൾ ഏതാനും ആശാവർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരം. എൽഡിഎഫ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതുകൊണ്ട് കോൺഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും ഈ സമരത്തിന് പിന്തുണയേകുന്നു.
ദിവസങ്ങൾക്കുമുമ്പ് സിഐടിയു നേതൃത്വത്തിലുള്ള ആശാവർക്കർ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ എൻഎച്ച്‌എം ഡയറക്ടറുടെ ഓഫീസിനു മുമ്പിൽ 48 മണിക്കൂർ സമരം നടത്തി. ദേശാഭിമാനിയും കൈരളിയും ഒഴികെ ഒറ്റ മാധ്യമവും തിരിഞ്ഞു നോക്കിയില്ല. പ്രതിപക്ഷ നേതാക്കൾ മുതലക്കണ്ണീരൊഴുക്കിയില്ല. സമരംചെയ്ത സംഘടനയുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കി.
അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) എന്ന സ്കീം കേന്ദ്രസർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷൻ നേതൃത്വത്തിൽ 2005ലാണ് ആരംഭിച്ചത്. സാമൂഹ്യ–-ആരോഗ്യപ്രവർത്തകർ എന്ന സങ്കൽപ്പത്തിന് സ്ത്രീകളെ മാത്രം നിയോഗിച്ചുള്ള പദ്ധതിയാണിത്. ഗ്രാമീണ ജനതയെ പൊതു ആരോഗ്യ പ്രസ്ഥാനവുമായി കൂട്ടിയിണക്കി ശിശു മരണനിരക്ക് കുറയ്ക്കാനും ഗർഭിണികളുടെ സുരക്ഷയ്ക്കും താഴെത്തലംവരെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ലക്ഷ്യംവച്ചാണ് പദ്ധതി. സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ ‘തൊഴിലാളി’ എന്ന നിർവചനത്തിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടില്ല. സന്നദ്ധപ്രവർത്തകരായാണ് ഇവരെ കണക്കാക്കേണ്ടതെന്നാണ് എൻഎച്ച്എം വ്യവസ്ഥ. ഈ കാരണങ്ങളാൽ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ല. ആശ, അങ്കണവാടി, എൻഎച്ച്എം, എംഎൻആർഇജി തുടങ്ങിയവയെല്ലാം ഇത്തരം കേന്ദ്ര പദ്ധതികളാണ്. മൻമോഹൻ സിങ് ഭരണകാലത്താണ് ഇത് ആരംഭിച്ചത്. ഇപ്പോൾ സെക്രട്ടറിയറ്റിനു മുമ്പിൽ നടക്കുന്ന സമരത്തെ അനുകൂലിച്ച് അക്രമം സംഘടിപ്പിക്കുന്ന കോൺഗ്രസിന് ഈ പ്രശ്നത്തിലുള്ള ഉത്തരവാദിത്വം ആരും കാണുന്നില്ല.
കേന്ദ്ര പദ്ധതികൾ വ്യവസ്ഥകൾ അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനങ്ങൾക്ക് അധികാരമുള്ളൂ. സംസ്ഥാന സർക്കാർ നിയമാനുസൃതം നിയമിക്കുന്നവർക്കു മാത്രമേ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാൻ കഴിയൂ. പിഎസ്‌സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ഉള്ള നിയമനങ്ങളിൽ മാത്രമേ നിയമാനുസൃത വേതനം നൽകാൻ സംസ്ഥാനത്തിന് സാധിക്കൂ.
എന്നാൽ, താരതമ്യേന ചെറിയ തുക ‘ഓണറേറിയം’ എന്ന നിലയിൽ ലഭിക്കുന്ന സ്കീം വർക്കേഴ്‌സ് ജീവിതപ്രയാസം നേരിടുന്നുണ്ട്. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴിൽ സേവനമനുഷ്ഠിക്കുന്നവരായതുകൊണ്ട് മറ്റ് ജീവനക്കാരെ പോലെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്ന ആവശ്യം നിയമപ്രകാരം നടപ്പാക്കാൻ ഒരു സർക്കാരിനും സാധ്യമല്ല. ഇപ്പോൾ നടക്കുന്ന സമരത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയിരുന്നോ. ആശ, അങ്കണവാടി, തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിനിമം വേതന തത്വപ്രകാരമോ മറ്റു വ്യവസ്ഥകൾ പ്രകാരമുള്ള ശമ്പള സ്കെയിലിലോ നടപ്പാക്കണമെന്ന് യുഡിഎഫ് സർക്കാരിനോട് സിഐടിയു ഉൾപ്പെടെയുള്ള ഏതെങ്കിലും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നോ. ഈ കാര്യങ്ങൾ സത്യസന്ധമായി വിശകലനം ചെയ്ത് വസ്തുത ജനങ്ങളെ അറിയിക്കേണ്ട മാധ്യമങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
കേന്ദ്രം തീരുമാനിച്ച ആശാ സ്കീം അന്ന് കേരളം ഭരിച്ചിരുന്ന യുഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. 2006ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത്. അന്ന് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ് മുൻകൈയെടുത്തത്. 2007-ൽ ആദ്യഘട്ടം എന്ന നിലയിൽ 25,000 ആശമാരെ തെരഞ്ഞെടുത്തു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം പഞ്ചായത്തുകളാണ് അവരെ തെരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസംമാത്രം സേവനം മതിയെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞത്. എന്നാൽ, ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥന്മാർ കഠിനമായി ജോലി ചെയ്യിച്ചു. സ്ഥിരം ജോലി ഇല്ലാത്തതുകൊണ്ട് ആശമാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു. ഈ സാഹചര്യത്തിലാണ് ആശാവർക്കേഴ്‌സ് ട്രേഡ് യൂണിയൻ രൂപീകരിച്ചത്. സംസ്ഥാനത്തെ ഭൂരിപക്ഷം ആശമാരും സിഐടിയു നേതൃത്വത്തിലുള്ള സംഘടനയിൽ അംഗമാണ്. മറ്റു സംസ്ഥാനങ്ങളിലും സംഘടനകൾ നിലവിൽ വന്നു. 2009ൽ എട്ട് സംസ്ഥാനത്തുനിന്നുള്ള ആശമാർ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചു. ചെയ്യുന്ന ജോലിക്ക് ഇൻസെന്റീവ് നൽകണമെന്നായിരുന്നു പ്രധാന ആവശ്യം. കേന്ദ്രസർക്കാർ ആണ് ഈ കാര്യത്തിൽ തീരുമാനമുണ്ടാക്കേണ്ടതെന്ന് ആശമാർക്കും നല്ല ബോധ്യമുണ്ടായിരുന്നു. സംസ്ഥാനങ്ങളിലെ കേന്ദ്ര ഓഫീസുകളിലേക്കും മാർച്ച് നടത്തി. അങ്ങനെയാണ് ഒന്നരവർഷത്തിനുശേഷം അതുവരെ ചെയ്ത പ്രവൃത്തിയുടെ ഇൻസെന്റീവ് ലഭിച്ചത്.
വി എസ് സർക്കാരിന്റെ കാലത്ത് ഉത്സവബത്ത ആവശ്യപ്പെട്ട് ആശമാർ സിഐടിയു നേതൃത്വത്തിൽ ശബ്ദമുയർത്തി. ഇതിന്റെ ഫലമായി ഓണത്തിന് 500 രൂപ വീതം ഉത്സവബത്ത നൽകി. സംഘടനയുടെ ആവശ്യപ്രകാരം വി എസ് സർക്കാർതന്നെ പ്രതിമാസം 3000 രൂപ തോതിൽ ഓണറേറിയം നൽകാനും തീരുമാനിച്ചു. 2011ൽ വന്ന യുഡിഎഫ് സർക്കാർ അധികാരമേറ്റ് 14 മാസം പിന്നിട്ടിട്ടും ഓണറേറിയമോ ഇൻസെന്റീവോ നൽകിയില്ല. ഒടുവിൽ സിഐടിയു നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുമ്പിൽ ആശമാരുടെ അനിശ്ചിതകാല സമരം സംഘടിപ്പിച്ചു. ഇപ്പോൾ നടക്കുന്ന സമരത്തെ പാടി പുകഴ്‌ത്തുന്ന ഒരു മാധ്യമവും തിരിഞ്ഞുനോക്കിയില്ല. കുടിശ്ശിക നൽകാമെന്ന് സർക്കാർ വിളിച്ചുകൂട്ടിയ ചർച്ചയിൽ തീരുമാനമായെങ്കിലും നടപ്പായില്ല. ഒരു മാസത്തിനുശേഷമാണ് കുടിശ്ശിക നൽകിയത്. 5 വർഷത്തെ യുഡിഎഫ് ഭരണത്തിൽ ഓണറേറിയം 700ൽനിന്ന് ആയിരം രൂപയാക്കി. 5000 രൂപയാക്കുമെന്ന് അന്നത്തെ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ ഉറപ്പു നൽകി. പക്ഷേ, നടപ്പാക്കിയില്ല. ഇവരാണ് ഇപ്പോഴത്തെ സമരത്തിന് പിന്തുണയുമായി എത്തിയത്.
2016ൽ വന്ന പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ മുൻകൈയെടുത്ത് ആശമാർക്ക് അനുകൂലനിലപാടുകൾ സ്വീകരിച്ചു. ആശമാർക്ക് ആശുപത്രികളിൽ ഡ്യൂട്ടി നൽകാൻ നടപടി സ്വീകരിച്ചു. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഫിക്സഡ് ഇൻസെന്റീവായി 2000 രൂപയും പിന്നീട് ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കി. പിണറായി സർക്കാർ ഘട്ടംഘട്ടമായി ഓണറേറിയം 6000 രൂപയാക്കി. ഓണറേറിയവും ഇൻസെന്റീവും അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. ഇതെല്ലാം നേടിയെടുത്തത് ആശാവർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ്.
രണ്ടാം പിണറായി സർക്കാർ വന്നശേഷം എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി രൂപ നൽകിയിട്ടില്ല. ഇത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ഇൻസെന്റീവ് കൃത്യസമയത്ത് നൽകാൻ കഴിയാതെ വന്നു. ഒടുവിൽ സംസ്ഥാനഫണ്ടിൽനിന്ന് ഒരു വർഷം നൽകി. ഇതിനിടെ ആശമാർക്കുള്ള ആശ്വാസകിരൺ എന്ന ഇൻഷുറൻസ് പദ്ധതി കേന്ദ്രം റദ്ദാക്കി. ഈ സമയത്തും സിഐടിയുവല്ലാതെ ഒരു സംഘടനയും ശബ്ദമുയർത്തിയില്ല.
‘ശൈലി ആപ്’ നടപ്പാക്കിയപ്പോൾ ആശമാരുടെ ജോലിഭാരം കണക്കിലെടുത്ത് ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചത് സിഐടിയു നേതൃത്വത്തിലാണ്. തുടർന്ന് എൻഎച്ച്എം ഡയറക്ടറുടെ നേതൃത്വത്തിൽ സംഘടനാനേതാക്കളുമായി ചർച്ച നടത്തി ശൈലിആപ് പ്രകാരമുള്ള ജോലികൾക്ക് പ്രതിമാസം 2000 രൂപ നൽകാനും തീരുമാനിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഓണറേറിയത്തിൽ ആയിരം രൂപ എൽഡിഎഫ് സർക്കാർ വർധിപ്പിച്ചു. ഈ വിധത്തിൽ നിരന്തരമായി ഇടപെടുന്ന സിഐടിയുവിനെയും സാമ്പത്തിക പ്രതിസന്ധികാലത്തും സഹായം അനുവദിച്ച സംസ്ഥാനസർക്കാരിനെയും ആരോഗ്യമന്ത്രി വീണാ ജോർജിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കലല്ല.
തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവമായ ഇടപെടലാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. അങ്ങനെയുള്ള സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കെണിയിലകപ്പെട്ട ആശാവർക്കർമാരാണ് സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തുന്നത്. മഹാഭൂരിപക്ഷം ആശമാരും ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പ്രേരിതസമരത്തിന്റെ ഭാഗമല്ല.









0 comments