തിരുവനന്തപുരത്ത് കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു; നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു. ഡാമിലെ ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തിൽ ഇന്ന് (17.05.2026) രാവിലെ 11 മണിക്ക് അരുവിക്കര ഡാമിന്റെ 1, 2, 5 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം (ആകെ 30 സെന്റീമീറ്റർ) ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
കരംകുളത്തിന്റേയും സമീപ നദികളുടേയും തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നത്.
മാസങ്ങളായി തുടർന്ന കടുത്ത വേനൽച്ചൂടിന് വലിയ ശമനമേകിയാണ് സംസ്ഥാനത്ത് മഴ പെയ്യാൻ തുടങ്ങിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് മുതൽ മെയ് 20-ാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് വരും മണിക്കൂറുകളിൽ കൂടുതൽ മഴ ലഭിക്കുക.
മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.









0 comments