ad
Deshabhimani

print edition ഗർഡർ അപകടം ; നിർമാണക്കമ്പനിക്ക്‌ 
വീഴ്‌ച പറ്റിയെന്ന്‌ യോഗം

native people reacts on aroor flyover accident
വെബ് ഡെസ്ക്

Published on Nov 18, 2025, 02:30 AM | 2 min read


ആലപ്പുഴ

അരൂർ- തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ്‌ ഡ്രൈവർ മരിച്ച സംഭവത്തിൽ നിർമാണകമ്പനിക്ക് വീഴ്‌ചപറ്റിയതായി കലക്‌ടറുടെ ചേംബറിൽ ചേർന്ന യോഗം വിലയിരുത്തി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കർശന സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയപാത അതോറിറ്റിയോടും നിർമാണ കമ്പനിയോടും കലക്‌ടർ അലക്‌സ്‌ വർഗീസ് ആവശ്യപ്പെട്ടു.


ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനംചെയ്യാനാണ്‌ യോഗം ചേർന്നത്‌. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനി നിർമാണപ്രവർത്തനങ്ങൾ അനുവദിക്കൂവെന്ന് കലക്‌ടർ പറഞ്ഞു. ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്പോൾ പൊലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴിതിരിച്ചുവിടലും നടത്തും. വാഹനഗതാഗതം തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കണം. നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഷെഡ്യൂൾ ഒരാഴ്‌ച മുന്പ്‌ തയ്യാറാക്കി നിർമാണ കമ്പനി പൊലീസിന് നൽകണം.


ഇതിനനുസൃതമായി പൊലീസ് ഗതാഗത ക്രമീകരണം നടത്തും. ഗതാഗതം ക്രമീകരിക്കാൻ പൊലീസ് 25 പേരെയും നിർമാണ കമ്പനി 86 മാർഷൽമാരെയും നിയോഗിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ നൈറ്റ്‌ ട്രാഫിക് ഓഡിറ്റ് നടത്തും. ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം തന്നെ പൂർത്തിയാക്കാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് കലക്‌ടർ നിർദേശം നൽകി.


നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ പരമാവധി വേഗത്തിൽ റോഡ് ടാറിങ് പൂർത്തിയാക്കണം. ദേശീയപാതയിൽ 19 സ്ഥലത്തുള്ള കൈയേറ്റം തിട്ടപ്പെടുത്താൻ സർവേ ടീമിനെ നിയോഗിക്കും. നിർമാണം പൂർത്തിയാക്കിയ മേഖലകളിലെ അവശിഷ്‌ടങ്ങൾ റോഡിൽ നിന്ന് എത്രയും വേഗം മാറ്റാനും നിർമാണ കമ്പനിക്ക് കലക്‌ടർ നിർദേശം നൽകി. ദേശീയപാതയിലെ അപകട മേഖലകളിൽ 25നകം ട്രാഫിക് ഓഡിറ്റ് നടത്തും.


​റൈറ്റ്സ് സംഘം ഇന്ന് 
പരിശോധന നടത്തും

സുരക്ഷാ ഓഡിറ്റിങ്‌ നടത്താനുള്ള റൈറ്റ്സ് സംഘം ചൊവ്വാഴ്‌ച നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ കെ ശ്രീവാസ്‌തവ, അശോക്‌കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചതായി ദേശീയപാതാ അധികൃതർ യോഗത്തെ അറിയിച്ചു. ഉയരപ്പാതയിൽ ആകെയുള്ള 379 ബേയിൽ 313 ബേകളുടെ പണികൾ പൂർത്തിയായതായും ബാക്കി 66 ബേകളുടെയും 168 ഗർഡറുകളുടെയും പണി ഡിസംബറിൽ പൂർത്തിയാക്കുമെന്നും ദേശീയപാതാ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home