ad
Deshabhimani

print edition ഇവിടുണ്ട്‌, അർജന്റീനൻ "ആർപ്പോ..'

Argentina fans

തൃശൂരിൽ ആയുര്‍വേദ പഠനത്തിനെത്തിയ അർജന്റീനക്കാര്‍ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയുടെ ഗോള്‍ നേട്ടത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നു

avatar
കെ എ നിധിൻ നാഥ്‌

Published on Jul 13, 2026, 12:00 AM | 1 min read

തൃശൂർ: ലോകകപ്പ്‌ ക്വാർട്ടർ പോരിൽ ജൂലിയൻ അൽവാരസിന്റെ അതിഗംഭീര ഗോളിൽ അർജന്റീന മുന്നിലെത്തിയപ്പോൾ ‘വാമോസ്‌ അർജന്റീന’ വിളി മുഴക്കിയ മലയാളി ആരാധകർക്കൊപ്പം തൃശൂരിൽ അർജന്റീനക്കാരായ ഒമ്പത്‌ പേരും. ഗബ്രിയേലയുടെ നേതൃത്വത്തിലുള്ള സംഘം ചേലക്കോട്ടുക്കര എസ്‌എൻഎ ഒ‍ൗഷധശാലയിൽ ആയുർവേദം പഠിക്കാനെത്തിയതാണ്‌. ഞായറാഴ്‌ച രാവിലെ സ്വിറ്റ്‌സർലാന്റുമായുള്ള കളി ഇവർ മൊബൈൽഫോണിലാണ്‌ കണ്ടത്‌. വിജയമുറപ്പിച്ചപ്പോൾ തുള്ളിച്ചാടി. ചിത്രങ്ങൾ പകർത്തി അർജന്റീനയിലേക്ക്‌ അയച്ചതോടെ ആഹ്ലാദം വൻകരകൾ കടന്നു.


മലയാളികളുടെ ഫുട്‌ബോൾ ആവേശം കണ്ട്‌ സംഘം അന്പരന്നിരിക്കുകയാണ്‌. അർജന്റീനയോടും മെസിയോടുമുള്ള ആരാധന കണ്ട്‌ ഇത്‌ മറ്റൊരു അർജന്റീനയാണോ എന്ന്‌ അത്ഭുതപ്പെടുകയാണവർ. അർജന്റീനയിൽനിന്നാണെന്ന്‌ പറഞ്ഞാൽ ഇവിടെയുള്ളവർക്ക്‌ വലിയ സ്‌നേഹമാണെന്ന്‌ ഗബ്രിയേല പറഞ്ഞു. ആദ്യം ചോദിക്കുന്നത്‌ മെസിയെക്കുറിച്ചാണ്‌. മെസിയെ കണ്ടിട്ടുണ്ടോ, മറഡോണയെ കണ്ടിട്ടുണ്ടോ എന്നാണ്‌ അറിയേണ്ടത്‌. ഫുട്‌ബോളിലൂടെ ലഭിക്കുന്ന ഇ‍ൗ സ്‌നേഹം വിലമതിക്കാനാകാത്തതാണ്‌.


എങ്ങും മെസിയുടെയും മറ്റ്‌ താരങ്ങളുടെയും ചിത്രങ്ങളും ബോർഡുകളുമുണ്ട്‌. അർജന്റീനയിൽതന്നെ ഉള്ളതു പോലെയുള്ള അനുഭവമെന്ന്‌ ഗബ്രിയേല പറഞ്ഞു. ഇവരെ നഗരം കാണിക്കാൻ കൊണ്ടുപോയ ഓട്ടോ ഡ്രൈവർ മെസിയുടെ ആരാധകനായിരുന്നു. അർജന്റീനക്കാരാണെന്ന്‌ അറിഞ്ഞപ്പോൾ ഓട്ടോ ചാർജുപോലും വാങ്ങിയില്ല. അങ്ങനെ കേരളത്തിന്റെ അർജന്റീന പ്രേമവും ആസ്വദിക്കുകയാണിവർ. നാട്ടിൽ തിരികെ ചെന്ന്‌ അയുർവേദ ചികിത്സാ കേന്ദ്രം തുടങ്ങാനാണ്‌ ഇവർ ലക്ഷ്യമിടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home