print edition ആപ്പിൾമരങ്ങളിൽ രോഷം തളിർക്കുന്നു

ആപ്പിൾ കൃഷിയുടെ മേഖലയാകെ അദാനി പിടിച്ചടക്കിയപ്പോൾ തുടങ്ങിയ ഹിമാചൽ കർഷകരുടെ ദുരിതം ന്യൂസിലൻഡുമായും അമേരിക്കയുമായി ഇന്ത്യ ഏർപ്പെടുന്ന വ്യാപാര കരാറിലൂടെ കൊടുംദുരന്തമായി മാറുകയാണെന്ന് സിപിഐ എം ഹിമാചൽ പ്രദേശ് സംസ്ഥാന സെക്രട്ടറിയും സിംല നഗരസഭയുടെ മുൻ മേയറുമായ സഞ്‌ജയ് ചൗഹാൻ പറഞ്ഞു.
കേന്ദ്രസർക്കാർ പിന്തുണയോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ നടത്തുന്ന കൃഷിയുടെ കോർപറേറ്റ്‌വൽക്കരണത്തിൽ രോഷാകുലരാണ് കർഷകർ. ആപ്പിളിന്റെ കുത്തക സംഭരണാവകാശം അദാനി ഗ്രൂപ്പിനാണ്. സംസ്ഥാന സർക്കാരിന് കീഴിലെ എച്ച്‌പിഎംസി(ഹിമാചൽ പ്രദേശ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡ്)യുടെ ശീതീകരണ സംവിധാനങ്ങളിൽ അദാനി ഗ്രൂപ്പിന്റെ അദാനി അഗ്രി ഫ്രെഷ് എന്ന സ്ഥാപനത്തിന് പരോക്ഷ നിയന്ത്രണമായതോടെ ന്യായമായി ലഭിക്കേണ്ട വരുമാനം നഷ്‌ടമായി.
വളം സബ്‌സിഡി എടുത്തുകളയുകയും കൃഷിച്ചെലവ് വർധിക്കുകയും ചെയ്‌തതോടെ ദുരിതം ഇരട്ടിയായി. ഇതിന് പുറമെയാണ് വാണിജ്യകരാറുകൾ വഴിയുള്ള ആഘാതം. ന്യൂസിലൻഡുമായുള്ള വ്യാപാരകരാറിൽ ആപ്പിളിന്റെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറച്ചു. അമേരിക്കയിൽനിന്നുള്ള ഇറക്കുമതി തീരുവ 50ൽ നിന്ന് 25 ശതമാനമാക്കിയെങ്കിലും ആസന്നഭാവിയിൽ തീരുവ പൂജ്യമാകുമെന്ന ഭീതിയുണ്ട്. വിദേശ ആപ്പിളുകൾ ഇന്ത്യൻ വിപണിയിൽ നിറയുന്നതോടെ ആപ്പിൾ കൃഷിയുമായി നേരിട്ട് ബന്ധപ്പെടുന്ന ഹിമാചൽ പ്രദേശിലെ മൂന്നു ലക്ഷം കർഷകർ അക്ഷരാർഥത്തിൽ പട്ടിണിയാകും.
കർഷകരെ ദുരിതത്തിലാക്കുന്ന നയങ്ങൾക്കെതിരെ സിംലയിൽ 19ന് അഖിലേന്ത്യ കിസാൻസഭയും സേബ് ഉത്‌പാദക് സംഘും പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്. ദരിദ്ര, ചെറുകിട, ഇടത്തരം കർഷകർക്ക് കൃഷിക്കായി വനഭൂമി വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കും.
ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീർ എന്നീ സംസ്ഥാനങ്ങളിലെ കർഷകരെക്കൂടി ചേർത്ത് മാർച്ചിൽ ഡൽഹിയിൽ വൻ പ്രതിഷേധവും തീരുമാനിച്ചിട്ടുണ്ട്.
1971ൽ സംസ്ഥാന പദവി ലഭിച്ച ഹിമാചലിൽ 68 ശതമാനം ഭൂവിസ്‌തൃതിയിലുള്ള വനമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്. വ്യവസായങ്ങൾ കാര്യമായി ഒന്നുമില്ല. 1980ൽ വന സംരക്ഷണ നിയമം നടപ്പായതോടെ സംസ്ഥാനത്തിന്റെ വരുമാനം നിലച്ചു. ഹിമാചലിലെ ഭൂമിയും ജലവും മറ്റു വിഭവങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജലവൈദ്യുതി പദ്ധതികളിൽനിന്നുള്ള വരുമാനത്തിന്റെ 12 ശതമാനമേ സംസ്ഥാനത്തിന് ലഭിക്കുന്നുള്ളൂ.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. 90 ശതമാനം ജനങ്ങളും ഗ്രാമീണ മേഖലയിലാണ്. കർഷകരിൽ 87 ശതമാനവും ചെറുകിട ഇടത്തരം കർഷകർ. വളം സബ്‌സിഡി വെട്ടിക്കുറച്ചതും മറ്റ് കർഷക ദ്രോഹ നടപടികളും ജീവിതം ദുസ്സഹമായിരിക്കുന്നു. അവരെയാണ് കൃഷിയുടെ കോർപറേറ്റ്‌വൽക്കരണത്തിലൂടെയും താരിഫ് കുറയ്‌ക്കുന്ന വാണിജ്യകരാറുകളിലൂടെയും സംസ്ഥാന –കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ദ്രോഹിക്കുന്നത്– ചൗഹാൻ പറഞ്ഞു.










0 comments